മോദി നിർമിച്ചത് വെള്ളമില്ലാത്ത കക്കൂസ്, നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുന്നുവെന്ന് ബിനോയ് വിശ്വം

news image
Mar 18, 2024, 10:36 am GMT+0000 payyolionline.in

തൃശൂർ: നരേന്ദ്ര മോദി നിർമിച്ചത് വെള്ളമില്ലാത്ത കക്കൂസുകളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ചാണ് ബിനോയ് ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഗ്ദാനങ്ങൾ വിൽക്കാൻ വരുന്ന മോദിയെ ജനം വിശ്വസിക്കില്ല. ബി.ജെ.പിയും കോൺഗ്രസും സ്വാഭാവിക സഖ്യത്തിന് ശ്രമിക്കുകയാണ്. തൃശൂരിൽ ഒരിക്കലും ജയിക്കാത്തയാളെ സ്ഥാനാർഥിയാക്കിയിട്ട്, കേന്ദ്ര മന്ത്രിയാക്കുമെന്നതാണ് മോദിയുടെ ഗ്യാരന്റിയെന്നും അദ്ദേഹം പരിഹസിച്ചു.

ഉത്തരേന്ത്യയിലെ കർഷകർ വെള്ളമില്ലാത്തതിനാൽ കക്കൂസുകളും കലപ്പയും കൃഷിയും ഉപേക്ഷിക്കുകയാണ്. പഴയ ചാക്കിനേക്കാൾ വില കുറഞ്ഞ ഒന്നായി പ്രധാനമന്ത്രിയുടെ വാക്ക് മാറുന്നു. പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർഥികളാക്കുന്നതാണ് മോദി സർക്കാരിന്റെ ഭരണം. ഒന്നര മാസത്തിനുള്ളിൽ മൂന്ന് തവണ കേരളത്തിൽ വന്ന മോദി മണിപ്പൂരിൽ ഒരു തവണ പോലും പോയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe