തൃശൂര്‍: സംസ്ഥാനത്ത് ബി.ജെ.പിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സ്ത്രീശക്തി സമ്മേളനം ബുധനാഴ്ച തൃശൂരിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗര സുരക്ഷ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ഏറ്റെടുത്തു. പരിപാടി നടക്കുന്ന തേക്കിൻകാട് മൈതാനത്തും നായ്ക്കനാലിനോട് ചേർന്ന ഭാഗവും തോക്കേന്തിയ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. പരിപാടി റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പൊലീസും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. ഡോഗ് സ്ക്വാഡിന്റെ പരിശോധനയും നടത്തി. സുരക്ഷ ക്രമീകരണങ്ങൾ കലക്ടറും ജില്ല പൊലീസ് മേധാവിയും വിലയിരുത്തി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷ ക്രമീകരണങ്ങളും കർശനമാക്കി. നഗരത്തിൽ പൊലീസ് പട്രോളിങ്ങ് ശക്തമാക്കിയതിനൊപ്പം തട്ടുകടകൾ അടക്കമുള്ളവ രണ്ട് ദിവസങ്ങളിലായി പ്രവർത്തിപ്പിക്കുന്നത് തടഞ്ഞു. പരിപാടി നടക്കുന്ന തേക്കിൻകാട് നായ്ക്കനാൽ ഭാഗത്തെ വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അടച്ചതിനൊപ്പം നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആൽമരത്തിന് ശിഖരങ്ങളും പൂർണമായും വെട്ടിയൊതുക്കി. നായ്ക്കനാൽ തുടങ്ങി പാർക്ക് വരെയുള്ള തേക്കിൻകാടിന്റെ സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള ഭാഗവും പുറത്ത് നിന്നും കാണാനാവാത്ത വിധം അടച്ചു. ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ബാങ്ക് അടക്കമുള്ള ഓഫിസുകൾക്കും രണ്ട് ദിവസം പ്രവർത്തനം നിയന്ത്രിച്ചു. നായ്ക്കനാലിൽ പ്രവർത്തിക്കുന്ന ബാങ്ക് എ.ടി.എം അടക്കം രണ്ട് ദിവസം അടച്ചിടുമെന്ന് കാണിച്ച് നോട്ടിസ് പതിച്ചിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദിയുടെ റോഡ് ഷോയും സ്ത്രീ സമ്മേളനവുമാണ് തൃശൂരിൽ നടക്കുന്നത്. കുട്ടനെല്ലൂരിൽ നിന്ന് നടത്തറ വഴി സെന്റ്തോമസ് കോളജ് റോഡിലൂടെ ജനറൽ ആശുപത്രി ജഗ്ഷനിലെത്തി ഇവിടെ നിന്നുമാണ് റോഡ് ഷോ തീരുമാനിച്ചിരിക്കുന്നത്. തേക്കിൻകാട് മൈതാനിയിലെ വേദിയിൽ പ്രധാനപ്പെട്ടവരല്ലാത്ത പുരുഷ നേതാക്കൾക്ക് അനുമതിയില്ല. സദസ്സിലും പുരുഷ പ്രവർത്തകർക്ക് അനുമതിയില്ല. ഇവർക്കായി വിവിധയിടങ്ങളിൽ എൽ.ഇ.ഡി വാൾ സ്ഥാപിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച തേക്കിൻകാട് മൈതാനിയിൽ മെഗാ തിരുവാതിര കളി അരങ്ങേറി.
ചൊവ്വാഴ്ച നടുവിലാലിൽ ഇലഞ്ഞിത്തറ മേളപ്രമാണി കിഴക്കൂട് അനിയൻമാരാരുടെ പ്രമാണത്തിൽ 101 കലാകാരൻമാർ പങ്കെടുക്കുന്ന കേളി അവതരണം നടക്കും. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നുമോൾ, ഗായിക വൈക്കം വിജയലക്ഷ്മി, പെന്ഷന് കുടിശ്ശിക കിട്ടുന്നതിനായ സര്‍ക്കാരിനെതിരെ ഹൈകോടതിയെ സമീപിച്ച മറിയക്കുട്ടി ഉൾപ്പടെയുള്ള സമൂഹത്തിലെ പ്രമുഖരായ വനിതകളെയും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതിന് ബി.ജെ.പി ക്ഷണിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ തന്നെ ഉണ്ടായേക്കുമെന്ന സൂചനയിൽ സംസ്ഥാനത്ത് വിജയംപ്രതീക്ഷിക്കുന്ന മണ്ഡലമായ ഇടത് സർക്കാരിനും കോൺഗ്രസിനുമെതിരായ രാഷ്ട്രീയ വിമർശനത്തിനുപരി കരുവന്നൂർ അടക്കമുള്ള വിഷയങ്ങളും പ്രധാനമന്ത്രി പ്രധാനമന്ത്രി ഉയർത്തിയേക്കുമെന്നാണ് സൂചന. ഇതോടൊപ്പം കേരളം കാലങ്ങളായി ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതും കോൺഗ്രസ് നേതൃത്വകാലത്ത് നടപ്പിലാക്കാതെ മാറ്റിയ പദ്ധതികളിലും അപ്രതീക്ഷിത പ്രഖ്യാപനങ്ങളും മോദി നടത്തിയേക്കുമെന്നാണ് പറയുന്നത്.