ഇരിട്ടി: ടൗണിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ സീബ്രാലൈനിലൂടെ ആളുകൾ നടന്നുപോകുമ്പോൾ അപകടകരമാംവിധത്തിൽ വാഹനമോടിച്ച 40ഓളം ഡ്രൈവർമാർക്കെതിരെ കേസ്.
ബുധനാഴ്ചയാണ് ഇരിട്ടി ജോ. ആർ.ടി.ഒ ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. ഇരിട്ടി പഴയ ബസ് സ്റ്റാൻഡിലൂടെ ആളുകൾ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചവർക്കെതിരെയാണ് കേസ്.
തലശ്ശേരി-മൈസൂരു അന്തർ സംസ്ഥാന പാതയുടെ ഭാഗമായ ഇരിട്ടി ടൗണിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകാറുള്ളത്. മലയോരത്തിന്റെ സിരാകേന്ദ്രമായ ഇരിട്ടിപ്പട്ടണത്തിൽ വിവിധ മേഖലകളിൽനിന്നും നിരവധി ആളുകളും എത്താറുണ്ട്. അന്തർ സംസ്ഥാന പാത മുറിച്ചുകടക്കാൻ വിവിധ ഇടങ്ങളിലായി സീബ്രാലൈനുകളും വരച്ചിട്ടുണ്ട്. ഇതുവഴി ആളുകൾ കടന്നുപോകുമ്പോഴാണ് അശ്രദ്ധമായ ഡ്രൈവിങ് നേരിടേണ്ടിവരുന്നത്.