ഇന്ത്യൻ ടെലികോം മേഖലയിൽ വീണ്ടും നിരക്ക് വർധനക്കൊരുങ്ങി കമ്പനികൾ. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ ഡാറ്റാ പ്ലാൻ നിരക്കുകൾ 10 ശതമാനം വരെ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വന്നാൽ 2024ന് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള നിരക്ക് വർധനയായിരിക്കും ഇത്.
സമീപമാസങ്ങളിൽ ജിയോയും എയർടെല്ലും അവരുടെ എൻട്രി ലെവൽ പ്ലാനായ പ്രതിദിനം ഒരു ജിബി ഡാറ്റ വരുന്ന പ്ലാനുകൾ നിശബ്ദമായി നിർത്തലാക്കിയിരുന്നു. ഇത് ഉയർന്ന പ്ലാനിലേക്ക് ഉപയോക്താക്കളെ മാറാൻ നിർബന്ധിതരാക്കി. മിക്ക പ്രീപെയ്ഡ് ഡാറ്റ ഉപയോക്താക്കളും പുതിയ അടിസ്ഥാന നിരക്ക് പ്രതിദിനം 1.5 ജിബിയിലാണ് ആരംഭിക്കുന്നത്. ഏകദേശം 299 രൂപയിൽ ആരംഭിക്കുന്ന പ്ലാനുകൾ നേരത്തെ ഉണ്ടായിരുന്ന 249 രൂപ പ്ലാനിനെക്കാൾ 17 ശതമാനം കൂടുതലാണ്. 299 രൂപക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ നൽകുന്ന പ്ലാൻ വിഐ ഇപ്പോഴും തുടരുന്നുണ്ട്.
ടെലികോം സർവീസിലെ ചെലവ് വർധിച്ചതും 5ജി ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി എയർടെൽ, വിഐ കമ്പനികൾ നിരക്ക് വർധന വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പെട്ടെന്ന് നേരിട്ട് നിരക്ക് വർധിപ്പിക്കുന്നതിന് പകരം കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഒഴിവാക്കി ഉപയോക്താക്കളെ കൂടിയ നിരക്കുള്ള പ്ലാനുകളിലേക്ക് തള്ളിവിടുന്ന സമീപനമാണ് കമ്പനികൾ നിലവിൽ സ്വീകരിക്കുന്നത്.
റിലയൻസ് ജിയോ 2026 സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 211.4 രൂപയായി കണക്കാക്കിയിട്ടുണ്ട്. മുൻപാദത്തിൽ ഇത് 208.8 രൂപയായിരുന്നു. ഔപചാരിക താരിഫ് വർധനവിന് ഉടൻ പദ്ധതികളില്ല എന്നാണ് കമ്പനി പറയുന്നതെങ്കിലും കൂടുതൽ ഉപയോഗിക്കാനും സന്തോഷത്തോടെ കൂടുതൽ പണം നൽകാനും ഉപഭോക്താക്കളെ പ്രരിപ്പിക്കുകയാണെന്ന് എന്ന് എക്‌സിക്യൂട്ടീവുകൾ സമ്മതിക്കുന്നു
