മൊബൈൽ ഉണ്ടോ? രജിസ്‌ട്രേഡ് പോസ്റ്റും സ്പീഡ് പോസ്റ്റും പാഴ്‌സലും അയക്കാൻ പോസ്റ്റോഫീസിൽ പോകണ്ട; പോസ്റ്റ്മാൻ വീട്ടിലെത്തി വാങ്ങും

news image
Jul 9, 2025, 3:32 pm GMT+0000 payyolionline.in
ഇനി മൊബൈൽ ഉള്ളവർക്കെല്ലാം തപാൽ അയക്കുന്നത് എളുപ്പമാകും. രജിസ്‌ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്‌സലും വീട്ടിലിരുന്ന് ബുക്ക് ചെയ്താൽ പോസ്റ്റ്മാന്‍ വീട്ടിലെത്തി ഉരുപ്പടി ശേഖരിക്കും. തപാല്‍വകുപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക.
രജിസ്‌ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്‌സലും ബുക്ക് ചെയ്ത് പണമടയ്ക്കുമ്പോഴേ ബന്ധപ്പെട്ട പോസ്റ്റ്മാന് ഇത് സംബന്ധിച്ച സന്ദേശം ലഭിക്കും. ഇതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ഉടന്‍ നടപ്പാകും. നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്‌‍വെയർ മാറ്റി തപാല്‍വകുപ്പു വികസിപ്പിച്ച സോഫ്റ്റ് വെയർ വരുന്നതോടെയാകും മാറ്റം .
തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം മേല്‍വിലാസക്കാരനും കൈമാറിയതായുള്ള സന്ദേശം അയച്ചയാള്‍ക്കും കൈമാറാനുള്ള സംവിധാനവുമുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാക്കും.

തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തില്ലെങ്കില്‍ കൃത്യമായ കാരണം കാണിക്കണം.’വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു’ തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാല്‍ അതിന് തെളിവായി മേല്‍വിലാസക്കാരന്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് അപ്ലോഡ് ചെയ്യണം. കടലാസില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റില്‍ സിഗ്‌നേച്ചര്‍ സംവിധാനത്തിലേക്കും മാറും.
രജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റിയെന്നതിന്റെ തെളിവായി ഉള്‍പ്പെടുത്തുന്ന അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡ്(മടക്ക രസീത്) പുതിയ പരിഷ്‌കാരത്തിൽ ഇല്ലാതാകും. 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നടപ്പാക്കും. നിലവില്‍ സ്പീഡ് പോസ്റ്റിന് പിഒഡി ആണ് ഉപയോഗിക്കുന്നത്. ഇതിനിടെ ഒരു മണിയോര്‍ഡര്‍ ഫോമില്‍ അയക്കാവുന്ന തുക 5000-ത്തില്‍നിന്ന് പതിനായിരമായി ഉയര്‍ത്തിയിരുന്നു.

മേല്‍വിലാസക്കാരന്‍ ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കില്‍ ആ ആളിന്റെ ഫോട്ടോയെടുക്കുന്ന രീതിയും വൈകാതെ നടപ്പില്‍ വരും. ബാര്‍കോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ സഞ്ചാരപാത കണ്ടെത്താനുള്ള (ട്രാക്കിങ്) സംവിധാനവും വരുന്നുണ്ട്. സ്പീഡ്, രജിസ്റ്റര്‍, പാഴ്‌സല്‍, മണിയോര്‍ഡര്‍ തുടങ്ങിയ തപാല്‍ ഉരുപ്പടികള്‍ ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള സംവിധാനം നിലവില്‍ ഇന്ത്യാ പോസ്റ്റിന്റെ വെബ്‌സൈറ്റിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe