ചെന്നൈ: പ്രശസ് തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാസ്റ്റർ സുരേഷ് എന്ന പേരിൽ “മൈഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെ’ 200 ലേറെ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
2003-ൽ സത്യം എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന “അരസി’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയായിരുന്നു.
നടി കാവേരിയായിരുന്നു സൂര്യകിരണിന്റെ ഭാര്യ. ഇവർ പിന്നീട് ബന്ധം വേർപെടുത്തി. വിവാഹമോചനത്തിന് ശേഷം പൊതുവിടങ്ങളിൽ നിന്ന് അകന്നിരിക്കുകയായിരുന്ന സൂര്യകിരണിന്റെ തിരിച്ചുവരവ് ബിഗ് ബോസിലൂടെയായിരുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തേക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ നായികയായ നടി സുചിതയാണ് സൂര്യകിരണിന്റെ സഹോദരി.