മേപ്പയ്യൂർ: മേപ്പയ്യൂർ നരക്കോട് റോഡിൽ നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മേപ്പയ്യൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ട്രാൻസ്ഫോമറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോമർ തകർന്ന് കാറിൻ്റെ മുകളിലേയ്ക്ക് വീണ നിലയിലാണുള്ളത്. ലൈനുകളും പൊട്ടി താഴെ വീണിട്ടുണ്ട്. കല്ലങ്കി ട്രാൻസ്ഫോമറാണ് തകർന്നത്. നടുവത്തൂർ ഫീഡറിൽ നിന്നും വരുന്ന ലൈനാണിത്. കീഴ്പ്പയ്യൂർ മഠത്തുംഭാഗത്ത് നിന്നുള്ള കുടുംബമാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. വലിയ അപകടമാണ് ഒഴിവായത്.
നിലവിൽ അരിക്കുളം, മൂടാടി, മുചുകുന്ന് ഭാഗത്തേയ്ക്ക് കണക്‌ട് ചെയ്യുന്ന ട്രാൻസ്ഫോമറായതിനാൽ പലയിടങ്ങളിലും ഭാഗികമായി വൈദ്യുതി മുടങ്ങും. പോലീസും കെ.എസ്.ഇ.ബി അധികൃതരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.