മേപ്പയ്യൂര്‍, പള്ളിക്കര വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ ടിസി ബസ് വേണം; ആവശ്യം ശക്തമാകുന്നു

news image
Jan 9, 2025, 10:40 am GMT+0000 payyolionline.in

പയ്യോളി: മേപ്പയൂരില്‍ നിന്ന് കീഴൂര്‍, പള്ളിക്കര, നന്തി വഴി മെഡിക്കല്‍ കോളേജിലേക്ക്  പോയിരുന്ന  കെ എസ് ആര്‍ ടി സി ബസ് വീണ്ടും ഓടിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു.വര്‍ഷങ്ങളോളം ഓടിയിരുന്ന ബസ് ഓട്ടം നിര്‍ത്തിയത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായി.

അതിരാവിലെ മേപ്പയ്യൂരില്‍ നിന്ന് പുറപ്പെടുന്ന ബസില്‍ കയറിയാല്‍ കൃത്യ സമയത്തു തന്നെ രോഗികളെയും കൊണ്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്താന്‍ കഴിയും. ഉച്ചയ്ക്ക് പോകുന്ന ട്രിപ്പില്‍ പോയാല്‍ രോഗികളെ സന്ദര്‍ശിക്കാനുള്ള സമയത്തും അവിടെയെത്തും. ഇതും ജനങ്ങള്‍ക്ക് സൌകര്യമാണ്. കെഎസ്ആര്‍ ടി സി ക്ക് നല്ല കളക്ഷനുള്ള റൂട്ടായിരുന്നു ഇത്.  പലപ്പോഴും മേപ്പയ്യൂരില്‍ നിന്നും പള്ളിക്കര ഭാഗത്ത്’ എത്തുമ്പോഴേക്കും ബസില്‍ ആളുകള്‍ നിറഞ്ഞിരിക്കും. കൂടാതെ രാവിലെ ജോലിക്കുപോകുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഈ ബസ് ഒരനുഗ്രഹമായിരുന്നു. ഈ ബസില്‍ കയറിയാല്‍ കീഴൂര്‍ ശിവക്ഷേത്രത്തിലേക്കും, കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തിലേക്കും, പിഷാരിക്കാവ് ക്ഷേത്രത്തിലേക്കും ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് രാവിലെയെത്താന്‍  കഴിയും.

ഇത്രയുംകളക്ഷനുള്ള  ബസ് വടകര ഡിപ്പോയിലേക്ക് മാറ്റിയതോടെയാണ് സ്ഥിരമായി  വരാതായതെന്നും  യാത്രാപ്രശ്നം ഉണ്ടായതെന്നും യാത്രക്കാര്‍ പറഞ്ഞു. വിഷയം ട്രാന്‍സ്പോര്‍ട്ട് മന്ത്രിയുടെ ശ്രദ്ദയില്‍ പ്പെടുത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. പതിനഞ്ചോളം ബസുകള്‍ ഓടിയിരുന്ന പള്ളിക്കര റൂട്ടില്‍ ഇപ്പോള്‍ മൂന്ന് ബസ്സാണ് ഉള്ളത്. ഇതില്‍ പലതും ഓരോ ട്രിപ്പുകളായിട്ടാണ് ഓടുന്നത്. പള്ളിക്കരയില്‍ നിന്ന് കൊയിലാണ്ടി, വടകര , മേപ്പയ്യൂര്‍ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കിലോ മീറ്റര്‍ നടന്നുവേണം ദേശീയപാതയുമായി ബന്ധപ്പെടാന്‍. അല്ലെങ്കില്‍ അധിക ചാര്‍ജ് കൊടുത്തുഓട്ടോയും മറ്റ് വാഹനങ്ങളും വിളിച്ചു പോകേണ്ട അവസ്ഥയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe