കാണാതായ ദീപക്കിനെ വടകരയിലെത്തിച്ചു; നാളെ കോടതിയിൽ ഹാജരാക്കും

news image
Feb 2, 2023, 12:48 pm GMT+0000 payyolionline.in

വടകര:  മേപ്പയ്യൂരിലെ കൂനം വള്ളിക്കാവിൽ നിന്ന് കാണാതായ ദീപക്കിനെ വടകരയിലെത്തിച്ചു . ഗോവൻ പോലീസ് കസ്റ്റഡിയിലെടുത്ത് കേരള പോലീസിന് കൈമാറിയ ദീപക്കിനെ ഉച്ചയോടെയാണ് വടകര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചത്. ഹേബിയസ് കോർപ്പസ് ഹരജി പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്ത അന്വേഷണം നടത്തി വരികയായിരുന്നു.

മേപ്പയ്യൂരിൽ കഴിഞ്ഞ വർഷം ജൂണിൽ കാണാതാവുകയും പിന്നീട് ദീപക്കിന്റെതാണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം സംസ്കാരവും നടത്തിയതോടെയാണ് ആ തിരോധാനം ചർച്ചയായത്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹമാണ് ദീപക്കിന്റെതാണെന്ന് കരുതി സംസ്കരിച്ചത്. ഡി.എൻ എ ടെസ്റ്റിൽ മരിച്ചത് ഇർഷാദാണെന്ന് മനസിലായതോടെയാണ് ദീപക്കിനായുള്ള തിരച്ചിൽ സജീവമായത്. അമ്മ ഹേബിയസ് കോർപ്പസ് ഹരജി സമർപ്പിച്ചതോടെ തിരോധാനം കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ്.പി ആർ ഹരിദാസ് ഏറ്റെടുത്തു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ദീപക്ക് മറ്റൊരു ഫോണിൽ നിന്ന് അമ്മയെ വിളിക്കുന്നത്.

ഗോവയിൽ നിന്ന് ഒരു ടാക്സി ഡൈവറുടെ ഫോണിൽ നിന്നാണ് അമ്മ ശ്രീലതയെ വിളിച്ചത്. മകൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ സന്തോഷത്തോടെ കൂടുതൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ കട്ടായി. ഇരിങ്ങണ്ണൂരിലെ മകളുടെ വീട്ടിലായിരുന്ന അമ്മ പിന്നീട് വിളിക്കാൻ ശ്രമിച്ചെങ്കിലും ദീപക്കിനോട് സംസാരിക്കാൻ പറ്റിയില്ല. വീട്ടുകാർ വിവരം പോലീസിന് കൈമാറി. ഗോവ പോലീസിന്റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് ദീപക്കാണെന്ന് വ്യക്തമായത്. ഗോവൻ പോലീസ് ദീപക്കിനെ കസ്റ്റഡിയിലെടുത്ത് കേരള പോലീസിനെ അറിയിച്ചു. വടകരയിൽ നിന്ന് തിരിച്ച പോലീസ് സംഘം ദീപക്കിനെ ഇന്ന് ഉച്ചയോടെ വടകരയിലെത്തിച്ചു. ഓഫീസിൽ അമ്മയും സഹോദരിയും സുഹൃത്തുക്കളും കാത്തിരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച് ജോലി ചെയ്ത് വരികയായിരുന്ന ദീപക്ക് ഡിസംബർ 26 മുതൽ ഗോവയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു.
ദീപക്കിനെ നാളെ വീഡിയോ കോൺഫറൻസ് വഴി ഹൈക്കോടതിയിൽ ഹാജരാക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe