വടകര: മേപ്പയിൽ ചെങ്കല്ല് കയറ്റി വന്ന ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് വയോധികൻ മരിച്ചു. തോടന്നൂർ സ്വദേശി പുതിയെടുത്ത് താഴെകുനി ബാലകൃഷ്ണൻ (71) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
വടകരയിൽ നിന്ന് തോടന്നൂർ ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു ടിപ്പറും സ്കൂട്ടറും. മേപ്പയിൽ വെച്ച് ടിപ്പർ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബാലകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: നളിനി. മക്കൾ: നിഷ, ലിഷ, ലിനീഷ്. മരുമക്കൾ: ബാബു (മാഹി), മനോജൻ (ചെമ്മരത്തൂർ).
സഹോദരങ്ങൾ: രവീന്ദ്രൻ, വിനോദ്, മനോജ്, അജിത്ത്, രമേഷ് കുമാർ (സിപിഎം തിരുവള്ളൂർ എൽ.സി അംഗം), ലീല, ജാനകി, പ്രമീള.
