ന്യൂഡൽഹി: ഒന്നരവർഷമായി സംഘർഷം ആളിക്കത്തുന്ന മണിപ്പൂരിൽ മെയ്തെയ്-കുക്കി ജനപ്രതിനിധികളെ ഒരുമിച്ചിരുത്തി സമാധാന ചർച്ചക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഘർഷം തുടങ്ങി 17 മാസത്തിനുശേഷം ആദ്യമായാണ് ഇരുവിഭാഗവും പങ്കെടുക്കുന്ന ചർച്ച. നാഗ സമുദായത്തിൽനിന്നുള്ള ജനപ്രതിനിധികളും പങ്കെടുത്തു.
ചൊവ്വാഴ്ച വൈകീട്ട് ആരംഭിച്ച ചർച്ച നാലുമണിക്കൂറോളം നീണ്ടു. ജനപ്രതിനിധികൾ, പൗരസമിതി, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ യോഗങ്ങൾ ചേരുമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചർച്ച തീരുമാനങ്ങൾ പുറത്തുവിടാൻ ബന്ധപ്പെട്ടവരാരും തയാറായില്ല.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.
ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക മധ്യസ്ഥൻ എ.കെ. മിശ്രയുടെ നേതൃത്വത്തിലായിരുന്നു സമാധാന ചർച്ച. സ്പീക്കർ തോക്ചോം സത്യബ്രത സിങ് ഉൾപ്പെടെ മെയ്തെയ്, കുക്കി, നാഗ വിഭാഗങ്ങളിൽനിന്നായി മൂന്ന് വീതം പ്രതിനിധികൾ പങ്കെടുത്തു. യോഗതീരുമാനങ്ങൾ സമുദായ നേതാക്കളുമായും ഭാരവാഹികളുമായും ചർച്ച ചെയ്യുമെന്നും പിന്നീട് തുടർനടപടി സ്വീകരിക്കുമെന്നും യോഗത്തിനുശേഷം കുക്കി വിഭാഗം പ്രതികരിച്ചു. മണിപ്പൂർ സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടു. കേന്ദ്ര സർക്കാർ വിളിച്ചതിനാലാണ് യോഗത്തിന് എത്തിയതെന്നും കുക്കി പ്രതിനിധികൾ പറഞ്ഞു.