കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്നുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ചാണോ രോഗികൾ മരിച്ചതെന്നതിനെ കുറിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. അഞ്ചു രോഗികൾ മരിച്ച സംഭവത്തിൽ വിദഗ്ധ സംഘം പ്രത്യേക അന്വേഷണം നടത്തും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള ഡോക്ടർമാരാണ് സംഘത്തിൽ ഉണ്ടാവുക.
തീപിടിത്തത്തെ തുടർന്ന് മെഡിക്കൽ കോളജിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നിലവിൽ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സാങ്കേതിക പരിശോധന നടക്കുന്നുണ്ട്. പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
അതിനിടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സ ചെലവിന്റെ കാര്യത്തിൽ മന്ത്രി വ്യക്തമായ അഭിപ്രായം പറഞ്ഞില്ല. ഡോക്ടർമാർ കേസ് ഷീറ്റ് പരിശോധിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം പൂർവസ്ഥിതിയിലെത്താൻ രണ്ടു മൂന്നുദിവസം കൂടി എടുക്കുമെന്നും അവർ പറഞ്ഞു.