കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ മൃദംഗമിഷൻ്റെ പരിപാടിയിൽ ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കല്ല്യാൺ സിൽക്സ്. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് ആവശ്യപ്പെട്ടു. കല്ല്യാണിന്റെ പേര് ചൂഷണത്തിന് ഉപയോഗിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കല്യാൺ സിൽക്സ് സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് വാർത്തക്കുറിപ്പ് ഇറക്കി പ്രതികരണം അറിയിച്ചത്.
മൃദംഗനാദം സംഘാടകർ 12,500 സാരിക്കാണ് ഓർഡർ നൽകിയത്. പരിപാടിക്ക് വേണ്ടി മാത്രം കല്ല്യാൺ സിൽക്സ് സാരി നിർമിച്ച് നൽകുകയായിരുന്നു. ഇതിനായി ഈടാക്കിയത് 390 രൂപയാണ്. എന്നാൽ പിന്നീടാണ് ഈ സാരിക്ക് സംഘാടകർ 1600 രൂപ ഈടാക്കിയെന്ന് അറിയുന്നതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.