അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാൻറെ സംസ്കാരം ഇന്ന് നടക്കും. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെയാണ് സംസ്കാരം യുഎഇയിൽ വെച്ച് നടത്താൻ തീരുമാനമായത്
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ യുഎഇ അനുമതി നൽകിയെങ്കിലും സാമ്പത്തിക പരിമിതി മൂലം പങ്കെടുക്കാൻ ആകില്ലെന്ന് കുടുംബം അറിയിച്ചു. കെയർ ഗീവർ ആയി ജോലി ചെയ്തിരുന്ന വീട്ടിലെ നാലുമാസം പ്രായമായ കുട്ടി മരണപ്പെട്ടതിന് കാരണം ഷഹസാദിയാണെന്ന് കണ്ടെത്തിയാണ് അബുദാബി കോടതി ഷഹസാദി ഖാനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഫെബ്രുവരി 15ന് വധശിക്ഷ നടപ്പാക്കിയെങ്കിലും ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുന്നത് ഫെബ്രുവരി 28നാണ്. മകൾ നിരപരാധിയാണെന്നും മകൾക്ക് നീതി ലഭിച്ചില്ലെന്നും ഷഹസാദിയുടെ പിതാവ് പറഞ്ഞു.