മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടിനെ എണ്ണയിലിട്ട് പൊരിക്കുമെന്ന് ഊമക്കത്ത്. ചൊവ്വാഴ്ചയാണ് അറക്കുളം പഞ്ചായത്തിൽ ഭീഷണിയും ആക്ഷേപവും എഴുതിയ കത്ത് ലഭിച്ചത്. കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് ജൂനിയർ സൂപ്രണ്ട്.
അറക്കുളം സ്വദേശി ജോസ് മാത്യുവിന് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകുന്നതുമായ ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുമ്പേ അറക്കുളം പഞ്ചായത്തിൽ മന്ത്രി ഉൾപ്പെടെ ഇടപെട്ട സംഭവം ഉണ്ടായിരുന്നു. വിദേശത്ത് താമസിക്കുന്ന ജോസ് മാത്യു സ്ഥിരതാമസ സർടിഫിക്കറ്റിന് അറക്കുളം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചു. എന്നാൽ, ഫീൽഡുതല അന്വേഷണത്തിൽ ജോസ് നാട്ടിൽ സ്ഥിരതാമസമില്ലെന്ന് റിപ്പോർട്ട് നൽകി.
ആറ് മാസമെങ്കിലും പ്രദേശത്ത് താമസിക്കുന്നവർക്കാണ് സ്ഥിരതാമസ സർട്ടിഫിക്കറ്റ് നൽകാറുള്ളത്. എന്നാൽ, ഇക്കാര്യം അറിയിച്ചതോടെ ജോസ് മാത്യു തദ്ദേശ സ്വയംഭരണമന്ത്രി എം.ബി. രാജേഷിനെ വിളിച്ച് പരാതി പറഞ്ഞു. മന്ത്രി ഉടൻ ജില്ല ജോയന്റ് ഡയറക്ടർ കുര്യാക്കോസിനോട് വേണ്ടത് ചെയ്യാൻ നിർദേശം നൽകി. ജോസിന് അറക്കുളം പഞ്ചായത്തിൽനിന്നും ഉണ്ടായ അനുഭവം സർക്കാർ ഉദ്യോഗസ്ഥരുടെ അവഗണനയും അഴിഞ്ഞാട്ടവുമാണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ജൂനിയർ സൂപ്രണ്ടിനെതിരെ സമൂഹമാധ്യമങ്ങളിൽ ആക്ഷേപവും ഉയർന്നിരുന്നു. പിന്നാലെയാണ് ഊമക്കത്ത് എത്തിയിരിക്കുന്നത്.