മൂന്ന് മാസത്തിനിടെ 43,797 പരാതികള്‍; സൈബർ തട്ടിപ്പുകാരുടെ താവളം വാട്‌സ്ആപ്പ്, കണക്കുകളുമായി കേന്ദ്രം

news image
Jan 2, 2025, 5:58 am GMT+0000 payyolionline.in

ദില്ലി: സൈബര്‍ തട്ടിപ്പുകാരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വാട്‌സ്ആപ്പ് എന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് സൈബര്‍ ക്രൈമുകള്‍ക്ക് വാട്‌സ്ആപ്പാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നതെന്ന് പറയുന്നത്. വാട്‌സ്ആപ്പിനെ കൂടാതെ ടെലഗ്രാമും ഇൻസ്റ്റഗ്രാമും സൈബര്‍ തട്ടിപ്പ് കൂടുതലായി നടക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ലിസ്റ്റിലുണ്ടെന്നും കേന്ദ്രത്തിന്‍റെ കണക്കുകള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി നടന്ന സൈബര്‍ തട്ടിപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്താണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്. 2024ന്‍റെ തുടക്കത്തില്‍ ആദ്യത്തെ മൂന്ന് മാസങ്ങളിലായി വാട്‌സ്ആപ്പ് വഴിയുള്ള സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ 43,797 പരാതികളാണ് ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ടെലഗ്രാമിലൂടെയുള്ള തട്ടിപ്പുകളെ കുറിച്ച് 22,680 പരാതികളും, ഇൻസ്റ്റാഗ്രാമിലൂടെയുള്ള തട്ടിപ്പിനെതിരെ 19,800 പരാതികളും രജിസ്റ്റർ ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ 2023-24ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച് സൈബർ തട്ടിപ്പുകാർ കുറ്റകൃത്യങ്ങൾക്കായി കൂടുതല്‍ കൂട്ടുപിടിക്കുന്നത് ഗൂഗിൾ സേവന പ്ലാറ്റ്ഫോമുകളെയാണ്. ടാർഗെറ്റ് ചെയ്ത പരസ്യങ്ങൾക്ക് ഗൂഗിൾ പരസ്യ പ്ലാറ്റ്ഫോമാണ് (Google Ad) എളുപ്പമെന്ന് റിപ്പോർട്ട് പരാമര്‍ശിക്കുന്നു. തൊഴിലില്ലാത്ത യുവാക്കൾ, വീട്ടമ്മമാർ, വിദ്യാർഥികൾ, നിർധനരായ ആളുകൾ എന്നിവരെയാണ് സൈബര്‍ തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe