തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ വിധികേട്ട് പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അമ്മ. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ…എന്തിനാണ് വെറുതെ വിട്ടത്… കോടതി വിധിക്കു പിന്നാലെയാണ് ഷാരോണിന്റെ അമ്മയുടെ പ്രതികരണം. നിയമപരമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങൾ കോടതിയെ സമീപിക്കും. ഗ്രീഷ്മയും അമ്മ സിന്ധു കുമാരിയും ചേർന്നല്ലേ എല്ലാം ചെയ്തത്. ഗ്രീഷ്മയ്ക്ക് ശിക്ഷ ലഭിക്കുമെന്നുള്ളത് ഞങ്ങൾക്ക് ബോധ്യമായി. സിന്ധു കുമാരിയെ കുറ്റവിമുക്തയാക്കരുതായിരുന്നു. മൂന്ന് പേർക്കും ശിക്ഷ കൊടുക്കണമായിരുന്നുവെന്നാണ് ശിക്ഷാ വിധികേട്ട ഷാരോണിന്റെ കുടുംബം പ്രതികരിച്ചത്. ഹൈക്കോടതിയിൽ പേകാൻ കഴിയുമോ എന്നതിൽ വിധി വന്നതിന് ശേഷം തീരുമാനമെടുക്കും. കേസിൽ ശക്തമായി കോടതി ഒപ്പം നിന്നതിലും ഗ്രീഷ്മയ്ക്ക് ശിക്ഷ ലഭിച്ചതിലും സന്തോഷമുണ്ട്. ഗ്രീഷ്മയുടെ വിധിയിൽ തൃപ്തരാണ്. എന്നാൽ സിന്ധുകുമാരിയ്ക്ക് ശിക്ഷ വിധിക്കാത്തതിൽ വിഷമമുണ്ട്. പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും കുടുംബം പറഞ്ഞു.
പാറശാല ഷാരോൺ വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി ഇന്ന് വിധി പറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായരും കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. കേസിൽ അമ്മ സിന്ധുവിനെ വെറുതെവിട്ടു. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ച് വിധി പറഞ്ഞത്. ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ എം ബഷീർ മുമ്പാകെ മൂന്നുദിവസം നടന്ന വാദപ്രതിവാദങ്ങൾക്കു ശേഷമാണ് കേസ് ഇന്ന് വിധിപറയാൻ മാറ്റിയത്. ഒന്നാംപ്രതി ഗ്രീഷ്മയ്ക്കെതിരെയുള്ള കൊലപാതകക്കുറ്റവും ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവൻ നിർമലകുമാരൻ നായർക്കുമെതിരെ തെളിവുനശിപ്പിച്ച കുറ്റങ്ങളും തെളിഞ്ഞതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ വാദിച്ചിരുന്നു.