മൂന്നാറില്‍ വീണ്ടും റേഷന്‍ കട തകര്‍ത്ത് കാട്ടാനകള്‍; നടപടി വേണമെന്ന് നാട്ടുകാര്‍

news image
Oct 17, 2023, 8:03 am GMT+0000 payyolionline.in

മൂന്നാര്‍: ലോക്കാടില്‍ വീണ്ടും റേഷന്‍ കട തകര്‍ത്ത് കാട്ടാനകള്‍. ഒരു മാസത്തിനിടെ വിജയ ലക്ഷ്മിയുടെ റേഷന്‍കട രണ്ടാമത്തെ തവണയാണ് കാട്ടാന തകര്‍ക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് ലോക്കാടില്‍ അഞ്ചുപേരടങ്ങുന്ന കാട്ടാനക്കൂട്ടം എത്തിയത്. പുലര്‍ച്ചയോടെ എസ്‌റ്റേറ്റിലെത്തിയ കാട്ടാന കടയുടെ മേല്‍ക്കൂര തകര്‍ത്ത് അരി ഭക്ഷിക്കാന്‍ ശ്രമിച്ചു.

നാട്ടുകാരെത്തി നടത്തിയ പരിശ്രമത്തിലാണ് കാട്ടാനകളെ തുരത്താന്‍ കഴിഞ്ഞത്. സെപ്തബര്‍ 15 ന് പടയപ്പയെന്ന കാട്ടാന എസ്റ്റേറ്റിലെത്തി വിജയലക്ഷ്മിയുടെ കട ആക്രമിച്ച് തകര്‍ത്ത് അരി ഭക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു ആനക്കൂട്ടം കട ആക്രമിക്കുന്നത്. ആനകള്‍ കൂട്ടമായെത്തി റേഷന്‍ കട തുടര്‍ച്ചയായി തകര്‍ക്കുന്നത് അവസാനിപ്പിക്കാന്‍ അധിക്യതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

 

മൂന്നാറിന് സമീപപ്രദേശമായ കല്ലാർ, മാട്ടുപ്പെട്ടി, സൈലന്റ് വാലി, ദേവികുളം എന്നിവിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുകയാണ്. ഈ മേഖലയിൽ പടയപ്പയുടെ സാന്നിധ്യം ഉണ്ടെങ്കിലും മറ്റ് ആനകൾ ഒറ്റ തിരിഞ്ഞും കൂട്ടമായും തോട്ടം മേഖലയിൽ എത്തുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആനകൾ കൂട്ടമായി എത്തുമ്പോഴും വനപാലകർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതാണ് തൊഴിലാളികൾക്ക് തിരിച്ചടിയാവുന്നത്.

 

 

അതേസമയം മൂന്നാറില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും പടയപ്പ എന്ന വിളിപ്പേരുള്ള കാട്ടാനയിറങ്ങിരുന്നു. കുണ്ടള എസ്റ്റേറ്റിലാണ് ഏതാനും ദിവസം മുമ്പ് രാവിലെ പടയപ്പയിറങ്ങിയത്. എസ്റ്റേറ്റിലിറങ്ങിയ പടയപ്പയെ നാട്ടുകാര്‍ പ്രകോപിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ക്കുനേരെ കാട്ടാന തിരിഞ്ഞു. എസ്റ്റേറ്റിലെ മണ്ണ് ഉള്‍പ്പെടെ കുത്തിനീക്കിയശേഷം നാട്ടുകാര്‍ക്കുനേരെ തിരിയുകയായിരുന്നു. ശബ്ദം ഉണ്ടാക്കിയും കല്ലെറിഞ്ഞുമാണ് കുറച്ചുപേര്‍ പടയപ്പയെ പ്രകോപിപ്പിച്ചത്.

കാട്ടാനയെ പ്രകോപിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. നാട്ടുകാരുടെ പ്രകോപനത്തെതുടര്‍ന്ന് ഏറെ നേരം എസ്റ്റേറ്റില്‍ നിലയുറപ്പിച്ചശേഷമാണ് പടയപ്പ തിരിച്ചു കാടുകയറി പോയത്. ശാന്തനായി എസ്റ്റേറ്റിലൂടെ കാട്ടിലേക്ക് പോവുകയായിരുന്ന ആനയെ ആളുകള്‍ ശബ്ദമുണ്ടാക്കി പ്രകോപിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പടയപ്പ പിന്നീട് കാടുകയറി പോയെന്ന് വനംവകുപ്പ് അറിയിച്ചു.

 

 

കഴിഞ്ഞ കുറച്ചു ദിവസമായി ചെണ്ടുവാര മേഖലയില്‍ പടയപ്പയുടെ സാന്നിധ്യമുണ്ടെങ്കിലും ഇന്നലെയാണ് ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങി പച്ചക്കറി ഉള്‍പ്പെടെ നശിപ്പിക്കുന്നത് പതിവായതോടെ കാട്ടാനയെ പിടികൂടി ഉള്‍ക്കാട്ടിലേക്ക് അയക്കണമെന്ന ആവശ്യവും നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. ഇതിനിടെയാണ് പടയപ്പ വീണ്ടുമിറങ്ങിയത്. കാട്ടാനയെ പ്രകോപിപ്പിച്ചവര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് വനംവകുപ്പ് പറഞ്ഞു. ഇതിനായി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe