മൂന്നാര്‍: പടയപ്പക്ക് പുറമെ മറ്റ് കാട്ടാനകളും കൂട്ടമായി എത്താന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാന് പോലൂമാവാതെ ഭീതിയില്‍ കഴിയുകയാണ് മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലെ തോട്ടം തോഴിലാളികള്‍. കുട്ടിയാനയടക്കം ആറിലധികം കാട്ടാനകളാണ് പ്രദേശത്ത് ഏല്ലാ ദിവസവുമെത്തുന്നത്. ഉള്‍ക്കാട്ടിലേക്ക് തുരത്തിയോടിക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം ഒന്നര ആഴ്ച്ച മുന്പ് കാട്ടാന കൂട്ടമിറങ്ങി പ്രദേശത്തെ റേഷന്‍ കട തകര്‍ത്തിരുന്നു. അതുകഴിഞ്ഞ് അഞ്ചുദിവസത്തോളം മേഖലയില്‍ വനപാലകരുടെ നിരീക്ഷണമുണ്ടായിരുന്നു.
വനം വാച്ചര്‍മാര്‍ പിന്‍വലിഞ്ഞപ്പോഴേക്കും വീണ്ടും കാട്ടാന കൂട്ടമിറങ്ങി. ആറ് ആനകളുടെ സംഘമാണ് നിലവില്‍ എത്തുന്നത്. ഇപ്പോള്‍ രാത്രിയെന്നും പകലെന്നുമില്ലാതെ പല സ്ഥലത്തും കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജോലിക്ക് പോകുന്ന തോട്ടം തോഴിലാളികളുടെ നെഞ്ചില്‍ തീയാണ്. വീട് വിട്ട് പുറത്തിറങ്ങാന്‍ പോലും ആവാത്ത അവസ്ഥയിലാണ് തോട്ടം തൊഴിലാളികളുടെ കുട്ടികളുമുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാത്തതാണ് ഇവരെ ഏറ്റവുമധികം പേടിപ്പെടുത്തുന്നത്. വന്യമൃഗ ശല്യം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.
കൂടുതല്‍ വാച്ചര്‍മാരെ വിന്യസിപ്പിച്ച് കാട്ടാനക്കൂട്ടത്തെ ഉള്‍കാട്ടിലേക്ക് തുരത്തും. രാത്രികാല പെട്രോളിംഗ് ഏര്‍പെടുത്തുമെന്നും വനപാലകര്‍ വിശദീകരിക്കുന്നത്.ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെ പടയപ്പ എത്തിയിരുന്നു. ലയങ്ങളോട് ചേർന്ന് തൊഴിലാളികൾ നട്ടു വളർത്തിയിരുന്ന പച്ചക്കറി കൃഷി പടയപ്പ നശിപ്പിച്ചു. ബീൻസും പയറും മറ്റു പച്ചക്കറികളും തിന്നു തീര്‍ത്ത പടയപ്പ മറ്റ് ആക്രമണമൊന്നും നടത്തിയില്ല. ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച പടയപ്പ തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്നാണ് പിൻവാങ്ങിയത്. സാധാരണയായി അരി തേടിയാണ് പടയപ്പ ഇവിടങ്ങളില്‍ എത്താറുള്ളത്. ഇത്തവണ അരി കിട്ടാതായതോടെയാണ് പച്ചക്കറി തിന്ന് മടങ്ങിയതെന്നാണ് തോട്ടം തൊഴിലാളികള്‍ പറയുന്നത്.