മൂന്നര വര്‍ഷം കൊണ്ട് 65 ലക്ഷത്തിന്റെ കടം; എല്ലാം വരുത്തിവെച്ചത് അമ്മയെന്ന് അഫാന്‍

news image
Mar 9, 2025, 4:06 pm GMT+0000 payyolionline.in

വെ‍‌ഞ്ഞാറമൂട് കൂട്ടക്കൊലയില്‍, അഫാന്‍റെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം എങ്ങനെ വന്നുവെന്ന് അന്വേഷിക്കാനൊരുങ്ങി പൊലീസ്. 2021ന് ശേഷം മൂന്നര വര്‍ഷത്തിലാണ്, അഫാന്‍റെ കുടുംബം 65 ലക്ഷം രൂപയുടെ ബാധ്യത ഉള്ളവരായി മാറിയത്. വന്‍കടം ഉണ്ടായത് അമ്മ മൂലമാണെന്നാണ് അഫാന്‍റെ മൊഴി. കടക്കാരുടെ നിരന്തര ശല്യം കുടുംബത്തിനുണ്ടായിരുന്നുവെന്നാണ് സൂചന.

ഇവര്‍ പലപ്പോഴായി പലിശക്കാരില്‍ നിന്നും വായ്പകള്‍ എടുത്തിട്ടുണ്ട്. പലിശക്കാരുമായുള്ള പണമിടപാടുകള്‍, കടബാധ്യതയില്‍ എത്ര രൂപ പലിശയിനത്തില്‍ കൂടി എന്നതിനെപ്പറ്റിയെല്ലാം അഫാന്‍റെ അമ്മ ഷമീമയോട് വിവരം തേടാനൊരുങ്ങുകയാണ് പൊലീസ്.  ബന്ധുക്കളുടെ ആഭരണങ്ങളും വീടുകളുടെ ആധാരവും വാങ്ങി ഇവര്‍ പണയം വച്ചിട്ടുണ്ട്.

ആദ്യ രണ്ടരവര്‍ഷം സാമ്പത്തിക ഇടപാടുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് ഷമീമയാണ്. എന്ത് ആവശ്യത്തിനായാണ് ഇത്രയധികം പണം കടമായി വാങ്ങിക്കൂട്ടിയതെന്ന് അറിയണമെങ്കില്‍ ഷമീമയുടെ സഹകരണം വേണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പലരില്‍ നിന്നായി വാങ്ങിയ ഇത്ര വലിയ തുക എന്ത് ആവശ്യത്തിനായാണ് ചെലവഴിച്ചതെന്ന് അറിയണമെങ്കില്‍ അഫാന്‍റെ അമ്മ മനസ് തുറക്കണം.

അഫാനും ഷെമീമയും തമ്മില്‍ കൊലപാതകം നടന്ന ദിവസം രാവിലെയും വാക്കുതര്‍ക്കമുണ്ടായതായി സൂചനകളുണ്ട്. പണയം വച്ച മാല തിരികെ ചോദിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചതാണ് ഫര്‍സാനയോട് വൈരാഗ്യവുമുണ്ടാകാന്‍ കാരണമായതെന്ന് അഫാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഫര്‍സാനയെ അഫാന്‍ കൊന്നത്.

കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട അഫാന്‍ അന്നേ ദിവസം വീട്ടിലേക്ക് കടക്കാര്‍ ആരെങ്കിലും ശല്യത്തിനെത്തിയാല്‍ ആക്രമിക്കാന്‍ മുളകുപൊടിയും വാങ്ങി സൂക്ഷിച്ചിരുന്നുവെന്ന് സമ്മതിച്ചു. കൂട്ടക്കൊലപാതകത്തിന് ശേഷം വീട് കത്തിച്ച് കളയാനായിരുന്നു അഫാന്‍റെ പദ്ധതി. ഇതിനായി ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ചാണ് അഫാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയതും. ഫെബ്രുവരി 24നായിരുന്നു അഫാന്‍ കൂട്ടക്കൊലപാതകം നടത്തിയത്. പിതാവിന്‍റെ അമ്മ സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, കാമുകി ഫര്‍സാന എന്നിവരെയാണ് അഫാന്‍ ആറുമണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe