ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത പൊലീസ്, വാഹനത്തിൽ മൂന്നര മണിക്കൂറോളം വട്ടംകറക്കി. രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ പ്രതിഷേധിച്ചെങ്കിലും ദില്ലി പൊലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കൾ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തു. പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നേരത്തെ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ അടക്കമുള്ള നേതാക്കളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസിൽ നിന്ന് മാർച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സി പി എം പിബി അംഗം വിജു കൃഷ്ണൻ, സി ഐ ടി യു നേതാക്കൾ, എസ് എഫ് ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തമായി തുടരുകയാണ്. സി ജെ പി ജന്തർമന്തറിലേക്ക് പ്രഖ്യാപിച്ച മാർച്ച് സർവ്വ സന്നാഹങ്ങളുമായി ദില്ലി പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുമെന്ന് സി ജെ പി പ്രഖ്യാപിച്ചു. മാർച്ചിനെത്തിയ സി ജെ പി നേതാക്കാളായ അഭിജീത് ദിപ്കെ, അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇതോടെ നേതാക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം തുടരുമെന്ന് സി ജെ പി അറിയിച്ചു. രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നേതാക്കൾ ഇല്ലാതെയും പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്ന് സി ജെ പി വക്താവ് വ്യക്തമാക്കി. ജനാധിപത്യത്തിലെ വിയോജിപ്പുകൾ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നു. ആളുകൾ തടവിലാവുമ്പോൾ ജനാധിപത്യത്തെ രക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്നും സി ജെ പി അഭ്യർത്ഥിച്ചു.
