മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്രിക് വയർ; പുറത്തെടുത്തത് വയർ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ

news image
Jul 29, 2025, 4:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിന്‍റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. ആശുപത്രിയിലെത്തുമ്പോൾ വയർ മൂത്രസഞ്ചിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എന്നാൽ യുവാവ് ഇതു ചെയ്തതിന്‍റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ വയർ തുറന്നു നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പല കഷ്ണങ്ങളായി മുറിച്ച് ഇലക്ട്രിക് വയർ പുറത്തെടുത്തത്. ശസ്ത്രക്രിയ രണ്ടര മണിക്കൂറോളം നീണ്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്‍റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രൊഫസർ ഡോ പി ആർ സാജു, അസി. പ്രൊഫസർ ഡോ സുനിൽ അശോക്, സീനിയർ റസിഡന്‍റുമാരായ ഡോ ജിനേഷ്, ഡോ അബു അനിൽ ജോൺ, ഡോ ഹരികൃഷ്ണൻ, ഡോ ദേവിക, ഡോ ശില്പ, അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ അനീഷ്, സീനിയർ റസിഡന്‍റ് ഡോ ചിപ്പി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe