മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നില‍യിൽ

news image
Oct 4, 2024, 3:52 pm GMT+0000 payyolionline.in

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറുമായ സലിൽ അങ്കോളയുടെ മാതാവ് പുണെയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മിരച്ച നിലയിൽ. മാല അശോക് അങ്കോളയാണ് (77) മരിച്ചത്. ഫ്ലാറ്റിലെ മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി മുറിയിൽ കയറി പരിശോധന നടത്തിയപ്പോഴാണ് മാലയെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു സമീപത്തുനിന്ന് ഇരുമ്പ് ദണ്ഡ് കണ്ടെടുത്തത് ദുരൂഹതക്കിടയാക്കി. മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം, സലിലിന്‍റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയുടെ താരമായ സലിൽ, 1989 നവംബർ 15നാണ് ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ഇതേ മത്സരത്തിൽ തന്നെയാണ് ഇതിഹാസം സചിൻ തെണ്ടുൽക്കറും ആദ്യമായി ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്നത്. തൊട്ടടുത്ത വർഷം ഏകദിനത്തിലും സലിൽ ഇന്ത്യക്കായി കളിച്ചു. 1996 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

എന്നാൽ, അർബുദം സ്ഥിരീകരിച്ചതോടെ താരത്തിന് 1997ൽ 29ാം വയസ്സിൽ ക്രിക്കറ്റിൽനിന്ന് വിരമിക്കേണ്ടിവന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe