ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 137 അടി പിന്നിട്ടു.137.15 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേയ്ക്ക് ഒഴുകിയെത്തുന്നുമുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.
അതേസമയം,ജില്ലയില്‍ പലയിടത്തും മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി. കൊച്ചി -ധനുഷ്കോടി ദേശീയ പാതയിലും ഇടുക്കി പൂപ്പാറ ബോഡിമേട്ടിന് സമീപവും മണ്ണിടിഞ്ഞുവീണു. മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
മലയോര മേഖലയില്‍ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നെടുങ്കണ്ടം സ്വദേശി സുമതിയുടെ വീട്ടിലേക്ക് തെങ്ങ കടപുഴകി വീണു.രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. അപകട സമയത്ത് സുമതി വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഇറങ്ങി ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. മഴയ്ക്ക് ജില്ലയില്‍ നേരിയ കുറവ് വന്നതിനാല്‍ ഇപ്പോഴത്തെ സ്ഥിതി ആശ്വാസകരമാണ്.