മുറിഞ്ഞതോ തകര്‍ന്നതോ ആയ അവയവങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ‘ജനറ്റിക് സ്വിച്ച്’ കണ്ടെത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. എലികളുടെ തകര്‍ന്ന പുറം ചെവി ശരീരം തന്നെ വിജയകരമായി പുനസ്ഥാപിക്കുന്ന അവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നാണ് ‘സയന്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലെ വാദം. മനുഷ്യര്‍ ഉള്‍പ്പെടെ മറ്റ് ജീവികളിലും ഇത്തരം ‘ജനിതക സ്വിച്ച്’ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അത് കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ക്ക് ഈ പരീക്ഷണവിജയം മികച്ച പിന്‍ബലമാകുമെന്നും വാങ് വെയ്, ഡെന്‍ ചികിങ് എന്നിവര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എലിയുടെ ചെവിയില്‍ വലിയൊരു ഭാഗം വൃത്താകൃതിയില്‍ മുറിച്ചുകളഞ്ഞശേഷമാണ് പരീക്ഷണം നടത്തിയത്. വൈറ്റമിന്‍ എയുടെ ഘടകമായ റെറ്റിനോയിക് ആസിഡ് ആവശ്യത്തിന് ഉല്‍പാദിപ്പിക്കാന്‍ എലിയുടെ ശരീരത്തിന് കഴിയാത്തതുകൊണ്ടാണ് മുറിഞ്ഞ ഭാഗങ്ങള്‍ അവയ്ക്ക് പുനരുല്‍പാദിപ്പിക്കാന്‍ കഴിയാത്തത്. പരിണാമാവസ്ഥയില്‍ത്തന്നെ എലികള്‍ക്ക് ഇത്തരത്തില്‍ ടിഷ്യൂ ‘റീജനറേറ്റ്’ ചെയ്യാനുള്ള ശേഷി കൈമോശം വന്നുപോയിരുന്നുവെന്ന് ബീജിങ്ങിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ അസിസ്റ്റന്‍റ് ഇന്‍വെസ്റ്റിഗേറ്ററായ വാങ് പറയുന്നു.
എലിയുടെ ശരീരത്തില്‍ത്തന്നെയുള്ള ‘ജനികത സ്വിച്ച്’ കണ്ടെത്തി ‘ഓണ്‍’ ചെയ്യാന്‍ കഴിഞ്ഞതോടെയാണ് റീജനറേഷന്‍ പുനസ്ഥാപിക്കപ്പെട്ടത്. ഇതോടെ തരുണാസ്ഥിയും മാംസവും തൊലിയും ഉള്‍പ്പെടെ മുറിച്ചുമാറ്റപ്പെട്ട എല്ലാ ഭാഗങ്ങളും വീണ്ടും രൂപപ്പെട്ടുവന്നുവെന്ന് വാങും ഡെന്നും പറയുന്നു. പരിണാമത്തിന്‍റെ ഏത് ഘട്ടത്തിലാണ് എലികള്‍ക്ക് ഈ ശേഷി നഷ്ടപ്പെട്ടതെന്ന് കണ്ടെത്താനുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ജീവികളുടെ നിലനില്‍പ്പിനുതന്നെ പ്രധാനമാണ് പുനരുജ്ജീവനശേഷി. ഇത് എന്തുകൊണ്ടാണ് ‘ഡിസേബിള്‍’ ചെയ്യപ്പെട്ടതെന്ന് കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് സിന്‍ഹുവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ റിസര്‍ച്ചിലെ അസിസ്റ്റന്‍റ് പ്രഫസര്‍ കൂടിയായ വാങ് ചൂണ്ടിക്കാട്ടി.
റെറ്റിനോയിക് ആസിഡിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് സ്പൈനല്‍ കോര്‍ഡ് ഉള്‍പ്പെടെയുള്ള സുപ്രധാന ശരീരഭാഗങ്ങള്‍ പുനസൃഷ്ടിക്കാനുള്ള പരീക്ഷണങ്ങളും ആരംഭിച്ചുകഴിഞ്ഞു. മനുഷ്യരിലെ ‘ജനിതകസ്വിച്ച്’ കണ്ടെത്തില്‍ എളുപ്പമല്ലെങ്കിലും വിപുലമായ തുടര്‍പഠനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. അമേരിക്കയിലെ സ്റ്റോവേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലും ഹൊവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചശേഷം 2021ലാണ് വാങ് വെയ് ചൈനയില്‍ തിരിച്ചെത്തിയത്. അതേവര്‍ഷം തന്നെ അദ്ദേഹം അവയവ പുനരുജ്ജീവന പരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ബിജിഐ റിസര്‍ച്ചിലെ സീനിയര്‍ സയന്‍റിസ്റ്റാണ് ഡെന്‍ ചികിങ്.