കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിൽ സ്ഥാനാർത്ഥി ആരെന്നത് വിഷയമല്ലെന്ന് കെകെ രമ എംഎല്‍എ. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മാത്രമാണ് ചർച്ച. മുരളീധരൻ തൃശ്ശൂരിലേക്ക് പോവുകയാണെങ്കിൽ ബിജെപിക്ക് അത് ശക്തമായ മറുപടിയാണെന്നും കെകെ രമ പ്രതികരിച്ചു.
സുരേഷ് ഗോപിക്കെതിരെ മികച്ച വിജയം നേടാൻ മുരളിക്ക് കഴിയും. വടകരയിൽ ഷാഫി എത്തിയാലും മികച്ച പോരാട്ടമായിരിക്കും. പിണറായിക്കെതിരെ വിരൽ ചൂണ്ടി ചോദ്യങ്ങൾ ചോദിക്കുന്ന നേതാവാണ് ഷാഫി. പാർലമെന്റിലും മോദിക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കാൻ തൻ്റേടം ഉള്ളയാളാണ് ഷാഫി. മുരളീധരൻ ആർഎംപിയെ എന്നും ചേർത്തുപിടിച്ച നേതാവാണ്. സിപിഎം കെകെ ശൈലജയെ വടകരയിൽ കരുവാക്കുക ആയിരുന്നുവെന്നും കെകെ രമ പറഞ്ഞു.