ദില്ലി: വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പത്തെ ജനങ്ങൾക്ക് വീടുവിട്ട് ഇറങ്ങിപ്പോകേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. മുനമ്പത്തിന് നീതി കിട്ടിയിരിക്കുന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി പറഞ്ഞു. വിഷയത്തെ കേന്ദ്രം വളരെ ഗൗരവത്തോടെ കാണുന്നുണ്ട്. കേരള സർക്കാർ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണ്. ഒരു വിഭാഗത്തിനെതിരെയുള്ള നീക്കമല്ല ഇതെന്നും നീതി ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് നിയമ ഭേദഗതി പാസാകുന്നതോടെ ഇത്തരം പ്രതിസന്ധികൾ ഇല്ലാതാകുമെന്നും റിജിജു പറഞ്ഞു. വിഡി സതീശനുണ്ടായാലും പിണറായി വിജയൻ ഉണ്ടായാലും കേന്ദ്രം മുനമ്പത്തിന് നീതി ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇത്രയും കാലം കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്ന് ഇറങ്ങാൻ ആർക്ക് പറയാനാകുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. മുനമ്പം ഭൂപ്രശ്നത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ കണ്ട രാജീവ് ചന്ദ്രശേഖറും ഷോൺ ജോർജ്ജും നിവേദനം കൈമാറി.