ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ താരങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കേരളീയ ആചാരമനുസരിച്ച് മുണ്ടും മേൽമുണ്ടും ധരിച്ചെത്തിയ താരങ്ങൾ രാവിലെ ഒൻപത് മണിയോടെ ക്ഷേത്രദർശനം നടത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ് അടക്കമുള്ള താരങ്ങളാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയത്.
അരമണിക്കൂറോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ച ടീം അംഗങ്ങൾ ദർശനത്തിന് ശേഷം പ്രസാദവും സ്വീകരിച്ച് മടങ്ങി. നാളെ വൈകീട്ട് ഏഴ് മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.
നാല് രാജ്യാന്തര ട്വന്റി 20 മത്സരങ്ങളാണ് ഇവിടെ നടന്നത്. അതിൽ മൂന്നിലും ഇന്ത്യ ജയിച്ചു. ഒരു മത്സരത്തിൽ വെസ്‌റ്റിൻഡീസിനാണ് ജയം. 2017 നവംബർ ഏഴിന് ന്യൂസിലൻഡിനെതിരെ നടന്ന ട്വന്റി 20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. രണ്ട് ഏകദിനത്തിലും ഇന്ത്യക്കായിരുന്നു ജയം. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
