മുണ്ടക്കൈ ഉരുൾപൊട്ടൽ: ഡിഎൻഎ പരിശോധന നിർണായകം, കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്ന് പ്രതീക്ഷ

news image
Aug 14, 2024, 4:30 am GMT+0000 payyolionline.in

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഡിഎൻഎ ഫലം പ്രസിദ്ധീകരിക്കുന്നത് ഇനി നിർണായകം. മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകും എന്നാണ് പ്രതീക്ഷ. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഉൾപ്പെടെ 401 ഡിഎൻഎ പരിശോധന കഴിഞ്ഞു. ഇതിൽ 349 ശരീര ഭാഗങ്ങൾ 248 പേരുടേതാണെന്ന് തിരിച്ചറിഞ്ഞു. 121 പുരുഷന്മാരും 127 സ്ത്രീകളെയുമാണ് തിരിച്ചറിഞ്ഞത്. 437 ശരീര ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയത്. കൂടുതൽ അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലം ഇനിയും വൈകും. ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കി ആളെ തിരിച്ചറിയലാണ് അടുത്ത ഘട്ടം. 119 രക്ത സാമ്പിൾ ആണ് ഇതിനായി ശേഖരിച്ചത്. ഈ ഫലം കൂടി കിട്ടിയാൽ മരിച്ചവരുടെ എണ്ണത്തിലും ഇവരുടെ വിവരങ്ങളിലും വ്യക്തത വരും. സർക്കർ കണക്കിൽ ഇതുവരെ 231 ആണ് മരണമാണ് സ്ഥിരീകരിച്ചത്. 128 പേരെ കാണാതായിട്ടുണ്ട്.

വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേന്ദ്രത്തിന് നൽകേണ്ട വിവരങ്ങൾ അതിവേഗം തയ്യാറാക്കാനുള്ള നടപടികളും സ്വീകരിക്കും. നേരത്തെ സംസ്ഥാനസർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിന് ഇരയായവരെ വാടകവീടുകളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോൾ മുൻഗണന. വാടകവീടുകൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.  മരിച്ചവരുടെയും നഷ്ടപ്പെട്ട സ്വത്തിന്റെയും അവകാശികളാരെന്ന് ഉറപ്പാക്കാനുള്ള നിയമപ്രശ്നത്തിനും ഉടൻ പരിഹാരം കണ്ടെത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കഴിഞ്ഞ ദിവസം 110 കോടി കവിഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe