മുഡ ഭൂമിയിടപാട് കേസ്; കർണാടക മുഖ്യമന്ത്രിക്കെതിരെ ഇഡി അന്വേഷണം, കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി

news image
Sep 30, 2024, 2:37 pm GMT+0000 payyolionline.in

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. സിദ്ധരാമയ്യക്കെതിരെ നേരത്തെ സംസ്ഥാന ലോകായുക്ത കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യക്കെതിരെ എഫ്ഐആറിന് സമാനമായ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് ഇഡി ഫയൽ ചെയ്തു.

സിദ്ധരാമയ്യ, ഭാര്യ ബിഎൻ പാർവതി, ഭാര്യ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് എതിരെയാണ് പ്രാഥമിക അന്വേഷണം. സിദ്ധരാമയ്യ അടക്കം 4 പേർക്ക് എതിരെയും ചുമത്തിയിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമ പ്രകാരമുള്ള വകുപ്പുകളാണ്.

നേരത്തെ, കേസിൽ സിദ്ധരാമയ്യക്കെതിരെ ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. 3 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെ നൽകിയ ഹർജിയാണ് തള്ളിയത്. സാധാരണ ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണിതെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe