തിരുവനന്തപുരം: 2023ൽ നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചതായി റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാനാണ് സമൻസ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണിതെന്നാണ് സൂചന.
2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകണം എന്നാണ് സമൻസ്. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവയടക്കം ഹാജരാകുമ്പോൾ സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സമൻസിനൊപ്പമുണ്ട്.
എന്നാൽ, അബുദാബിയിൽ ജോലി ചെയ്യുന്ന വിവേക് ഈ ദിവസം ഹാജരായിട്ടില്ല. അന്ന് രാത്രിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ് എന്നാണ് സമൻസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ ഇ.ഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. ആനന്ദ് ആണ് സമൻസ് അയച്ചത്. പിന്നീട് എന്തു നടപടിയുണ്ടായി എന്നത് വ്യക്തമല്ല.
കെസിസെഡ്ഒ/ 2023/769 എന്നാണ് സമൻസിന്റെ നമ്പർ. ഇ.ഡിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ‘വെരിഫൈ യുവർ സമൻസ്’ എന്ന വിഭാഗത്തിൽ, വിവേകിന്റെ പേര് സഹിതം വിവരങ്ങൾ ചേർത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 50–ാം വകുപ്പിലെ 2,3 ഉപവകുപ്പുകൾ പ്രകാരമാണ് വിവേകിനു സമൻസ് അയച്ചത്. രേഖകളും തെളിവുകളും ഹാജരാക്കുന്നതിനു വിളിച്ചുവരുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം നൽകുന്നതാണ് രണ്ടാം ഉപവകുപ്പ്. ഇതിനെ ജുഡീഷ്യൽ നടപടിക്രമത്തിനു തുല്യമായി കണക്കാക്കുന്നതാണ് മൂന്നാം ഉപവകുപ്പ്.
2018 ലെ പ്രളയബാധിതർക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവിൽ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. യുഎഇ കോൺസുലേറ്റ് മുഖേനയാണ് സംസ്ഥാന സർക്കാരിനു പണം കൈമാറിയത്. പദ്ധതിയുടെ നിർമാണക്കരാർ ലഭ്യമാക്കിയതിനുള്ള കൈക്കൂലിയായി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നൽകിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ തുടങ്ങിയവർക്കും കള്ളപ്പണ ഇടപാടിൽ പങ്കുള്ളതായി ഇ.ഡി കണ്ടെത്തിയിരുന്നു.