കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിയോക്കോ മുഖ്യമന്ത്രിക്കുമോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അവരുടെയൊക്കെ ക്ഷേത്രങ്ങളിൽ ഷർട്ട് ഇട്ട് പോകണമെങ്കിൽ പൊയ്ക്കോട്ടെ. കാലാകാലങ്ങളിൽ നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നത്. ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്‍തുണക്കാൻ പാടില്ലാത്തതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്. എത്രയോ കാലം മുമ്പ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്കരം നടത്തിയിട്ടുണ്ട്. നിങ്ങൾ തീരുമാനിച്ച് നിങ്ങൾ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങൾ ഇങ്ങനെയാണെന്നും സുകുമാരൻ നായർ പറഞ്ഞു. ഉടുപ്പിട്ട് പോകാൻ കഴിയുന്നത് അങ്ങനെ പോകണം. അല്ലാത്തെ അത് നിർബന്ധിക്കരുതെന്നും സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു. ശബരിമലയിൽ എല്ലാവരും ഉടുപ്പിട്ടാണ് പോകുന്നത് അത് അവിടുത്തെ രീതി. ഹിന്ദുവിന് മാത്രം ഈ രാജ്യത്ത് ഒന്നും പറ്റില്ല എന്ന ചിലരുടെ പിടിവാശി അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.