പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഇന്‍ഡിഗോ വിമാനത്തിനുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അടിയന്തര പരിശോധനകള്‍ ആരംഭിച്ചു. ബുധനാഴ്ച മുംബൈയിലെ സഹര്‍ വിമാനത്താവളത്തിലേക്ക് വന്ന ഫോൺവിളിയിലാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ സ്‌ഫോടകവസ്തു ഉണ്ടെന്നായിരുന്നു വിവരം.
സുരക്ഷാ ഏജന്‍സികള്‍ ഉടനടി അടിയന്തര നടപടികള്‍ ആരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്താവളത്തില്‍ പരിശോധനകളും മറ്റ് മുന്‍കരുതല്‍ നടപടികളും ആരംഭിച്ചു. ബോംബ് ഭീഷണിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സമീപകാല സൈനിക നടപടികളുമായി ഭീഷണിക്ക് ബന്ധമുണ്ടോയെന്ന് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സായുധ സേന ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയതിന് ശേഷമാണ് ഭീഷണി. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് മറുപടിയായായിരുന്നു ഈ ഓപ്പറേഷന്‍.