മുംബൈയില്‍ ജ്വല്ലറി ഉടമയുടെ വസതിയിൽ ജോലിക്ക് ചേർന്നു, അടുത്ത ദിവസം വീട്ടുകാരിയെ കൊന്ന് രത്നങ്ങളുമായി 19കാരൻ മുങ്ങി

news image
Mar 15, 2024, 4:47 am GMT+0000 payyolionline.in

മുംബൈ: ജ്വല്ലറി വ്യാപാരിയുടെ വീട്ടിൽ ജോലിക്ക് ചേർന്നതിന് അടുത്ത ദിവസം വീട്ടുകാരിയെ കൊന്ന് ആഭരണങ്ങളുമായി മുങ്ങി വീട്ടുജോലിക്കാരൻ. ദക്ഷിണ മുംബൈയിലെ ആഡംബര വസതിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. കൻഹയ്യ കുമാർ പണ്ഡിറ്റ് എന്ന 19കാരൻ മാർച്ച് 1നാണ് നെപ്പീൻസീ റോഡിലെ തഹ്നീ ഹൈറ്റ്സിൽ താമസിക്കുന്ന ജ്വല്ലറി വ്യാപാരിയുടെ വീട്ടിൽ ജോലിക്ക് ചേർന്നത്. മാർച്ച് 12ന് ഭാര്യ ജ്യോതി ഷായെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ അന്വേഷിക്കാനെത്തിയ ജ്വല്ലറി വ്യാപാരി മുകേഷ് കാണുന്നത് കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന 67കാരിയേയാണ്.

ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ നടന്ന തെരച്ചിലിലാണ് രത്ന ആഭരണങ്ങളും സ്വർണവും വീട്ടിൽ നിന്ന് കാണാതായെന്നും പുതിയ വീട്ടുജോലിക്കാരനെ കാണാനില്ലെന്നും വ്യക്തമായത്. പിന്നാലെ പൊലീസിൽ വിവരം അറിയിച്ച് നടത്തിയ അന്വേഷണത്തിലാണ് 19കാരൻ മുങ്ങിയെന്ന് വ്യക്തമായത്. ബസ് സ്റ്റാന്റുകളും റെയിൽ വേ സ്റ്റേഷനുകളും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അരിച്ച് പെറുക്കിയതോടെ 19കാരനായ കൻഹയ്യ കുമാർ പണ്ഡിറ്റ് മോഷ്ടിച്ച ആഭരണങ്ങൾ അടക്കം പിടിയിലായത്. ബിഹാറിലെ ദർഭാംഗ സ്വദേശിയാണ് 19കാരൻ.

ജ്യോതി ഷായെ മോഷണ ശ്രമത്തിനിടെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വ്യക്തമാക്കുന്നത്. മലബാർ ഹിൽ പൊലീസാണ് മണിക്കൂറുകൾക്കുള്ളിൽ കൊലപാതകിയെ പിടികൂടിയത്. വിവിധ ഇടങ്ങളിലായി 15 സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്.

പുതിയതായി ജോലിക്കെത്തിയ യുവാവിന്റെ സുഹൃത്തുക്കളേയും അടുത്ത് ബന്ധുക്കളേയും ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിയെ കണ്ടെത്താൻ സഹായമായത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ 19കാരനെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങളും സഹായകരമായി. ബിഹാറിലേക്ക് ട്രെയിൻ മാർഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe