See the trending News

Nov 5, 2025, 11:18 pm IST

-->

Payyoli Online

മില്‍മയില്‍ 12 വര്‍ഷത്തിന് ശേഷം നിയമനം; വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ

news image
Nov 5, 2025, 2:22 pm GMT+0000 payyolionline.in

തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം, മലബാര്‍ മേഖലാ യൂണിയനുകളില്‍ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ തസ്തികകളിലെ 198 ഒഴിവുകളിലേക്കാണ് തിരുവനന്തപുരം മേഖല യൂണിയന്‍ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. മലബാര്‍ മേഖലയില്‍ 23 ഓളം വരുന്ന തസ്തികളില്‍ 47 ഒഴിവുകളില്‍ ആണ് വിജ്ഞാപനം. തിരുവനന്തപുരം മില്‍മയില്‍ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന നിയമന പ്രക്രിയയാണിത്.

മില്‍മയില്‍ മാനവവിഭവ ശേഷി ശക്തിപ്പെടുത്തുക, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, അതുവഴി മില്‍മയെ ഉയര്‍ച്ചയിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമന നടപടികള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരുടെ സഹകരണ സ്ഥാപനം എന്ന നിലയില്‍ അവിടുത്തെ സ്ഥിര നിയമനങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിയമന സംവരണം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.

സഹകരണ ചട്ടങ്ങളില്‍ ഇതിന് വേണ്ട ഭേദഗതി വരുത്തുന്നത് വരെ നിലവില്‍ നടക്കാന്‍ പോകുന്ന നിയമനങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മുന്‍ഗണന ഏര്‍പ്പെടുത്താന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗം, ഭിന്നശേഷി വിഭാഗം, എന്നിവര്‍ക്ക് ചട്ടപ്രകാരമുള്ള സംവരണം നല്‍കിയാണ് വിജ്ഞാപനം തയ്യാറാക്കിയിട്ടുള്ളത്.

നിലവിലെ സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി നിയമനപ്രക്രിയയ്ക്ക് വേണ്ടിയുള്ള കൃത്യമായ ചട്ടക്കൂട് തയ്യാറാക്കി ഉത്തരവാകുകയും അതുവഴി എട്ടംഗ റിക്രൂട്ട്മെന്‍റ് കമ്മിറ്റി രൂപീകരിച്ച് നിയമന നടപടികള്‍ കര്‍ശനവും സുതാര്യവുമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ഈ സര്‍ക്കാരിന്‍റെ സമയോചിതവും ഫലപ്രദവുമായ ഇടപെടലുകള്‍ ഏറെ സഹായകരമായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മില്‍മ എം.ഡി ആസിഫ് കെ യൂസഫ്, ടിആര്‍സിഎംപിയു എം.ഡി ആര്‍. രാരാരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe
Join our whatsapp group