കറാച്ചി 2 ഗ്രൂപ്പുകൾ, 8 ടീമുകൾ, 15 മത്സരങ്ങൾ; മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒൻപതാം പതിപ്പിന് ഇന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ തുടക്കമാകുമ്പോൾ മറ്റൊരു ക്രിക്കറ്റ് സീസണിനെ വരവേൽക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. 8 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചാംപ്യൻസ് ട്രോഫി സംഘടിപ്പിക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തിരുമാനിക്കുന്നത്.
2017ലെ അവസാന സീസണിൽ ചാംപ്യൻമാരായ പാക്കിസ്ഥാനാണ് ഇത്തവണ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കുന്നത്. അന്ന് ഇന്ത്യയെ തോൽപിച്ചായിരുന്നു പാക്കിസ്ഥാൻ കിരീടം നേടിയത്.
ഏതാണ്ട് 30 വർഷങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാൻ ഒരു ഐസിസി ടൂർണമെൻ്റിന് വേദിയാകുന്നത്. 1996ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് പാക്കിസ്ഥാൻ അവസാനമായി ആതിഥ്യമരുളിയ ഐസിസി ടൂർണമെൻ്റ് ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകാൻ തയാറാവാത്തതിനാൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബായ് വേദിയാകും.
ഇന്ന് കറാച്ചിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാൻ ന്യൂസീലൻഡിനെ നേരിടും, നാളെ ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23നാണ് ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം. മാർച്ച് 9ന് ഫൈനൽ മത്സരങ്ങൾ ഉച്ചകഴിഞ്ഞ് 2.30 മുതൽ സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.