‘മിണ്ടിയാൽ കുത്തിക്കൊല്ലും’ കിണറിൽ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ടയാളെ ഭീഷണിപ്പെടുത്തി ഗോവിന്ദച്ചാമി

news image
Jul 25, 2025, 3:40 pm GMT+0000 payyolionline.in

കണ്ണൂര്‍: ജയിൽ ചാടിയ തന്നെ കിണറിൽ ആദ്യം കണ്ടയാളെ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഗോവിന്ദച്ചാമി. ഇയാള്‍ ഇവിടെ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ടത് തളാപ്പ് സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിലെ ജീവനക്കാരനായ ഉണ്ണികൃഷ്ണനാണ്. ആരോടെങ്കിലും പറഞ്ഞാല്‍ കുത്തിക്കൊല്ലുമെന്നാണ് ഉണ്ണികൃഷ്ണനെ പ്രതി ഭീഷണിപ്പെടുത്തിയത്.

ജയിൽ ചാടിയ ഗോവിന്ദച്ചാമി തളാപ്പ് പരിസരത്ത് ഉണ്ടെന്നറിഞ്ഞ് ഉണ്ണികൃഷ്ണന്‍ ഓഫീസിലും കിണറിലും തിരഞ്ഞിരുന്നു. എന്നാല്‍ ഒന്നും കണ്ടില്ല. തൊട്ടടുത്ത പറമ്പില്‍ പോലീസും നാട്ടുകാരും കാടുവെട്ടി തിരച്ചില്‍ നടത്തുമ്പോള്‍ ഉണ്ണികൃഷ്ണന്‍ വീണ്ടും ഓഫീസിന്റെ പിറകില്‍ പരിശോധന നടത്തിയപ്പോഴാണ് കിണറില്‍ ഗോവിന്ദച്ചാമിയെ കണ്ടത്. ബഹളം വെച്ചപ്പോള്‍ കൊന്നുകളയുമെന്ന് തമിഴ് കലര്‍ന്ന മലയാളത്തില്‍ പ്രതി ഭീഷണിപ്പെടുത്തിയെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

‘ന്യൂസ് കണ്ട ഉടനെ ഓഫീസും പരിസരവുമെല്ലാം പരിശോധിച്ചതാണ്. പ്രതി ഒളിച്ചിരുന്ന കിണറും വന്ന് നോക്കിയിരുന്നു.പക്ഷേ അന്നേരം അവിടെ ആളൊന്നും ഇല്ല. 9.30 പോയപ്പോൾ കിണറ്റിലെ വലയെല്ലാം അതുപോലെയുണ്ടായിരുന്നു. പിന്നെ കേട്ടു പ്രതിയെ പിടികൂടിയെന്ന്..പക്ഷേ വെറുതെ ഒരു സംശയം തോന്നി വീണ്ടും കിണറിലേക്ക് എത്തിനോക്കി. കിണറിലെ പമ്പ് തൂക്കിയിട്ട കയറിൽ തൂങ്ങിപ്പിടിച്ച് നില്‍ക്കുന്ന ഗോവിന്ദച്ചാമിയെയാണ് കണ്ടത്.

എന്നെ കണ്ട പാട് അയാള്‍ വെള്ളത്തിൽ മുങ്ങി. ശ്വാസം കിട്ടാതായപ്പോൾ രണ്ടാമതും പൊങ്ങി. കുത്തിക്കൊല്ലുമെന്ന് എന്നെ ഭീഷണിപ്പെടുത്തി. നീ പോടോ എന്ന് പറഞ്ഞ് ആളുകളെ വിളിച്ചുകൂവി. ഇവിടെയെല്ലാം പൊലീസുണ്ടായിരുന്നു. എല്ലാവരും കൂടി ഓടിയെത്തി. 20 മിനിറ്റിനുള്ളില്‍ ഇയാളെ പുറത്തെടുത്തു..’ ഉണ്ണികൃഷ്ണന്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe