മികച്ച സേവനം ഉറപ്പാക്കാൻ വാർഡ്‌ സമിതിയും വാട്‌സാപ്‌
ഗ്രൂപ്പുമായി കെഎസ്‌ഇബി

news image
Sep 26, 2024, 4:29 am GMT+0000 payyolionline.in

കൊച്ചി: ഉപഭോക്താക്കൾക്ക്‌ കൂടുതൽ മികച്ച സേവനം ഉറപ്പാക്കാനും പരാതികൾ യഥാസമയം പരിഹരിക്കാനും വ്യാജപ്രചാരണങ്ങൾ പൊളിക്കാനും വാർഡുതല സമിതികളും വാട്‌സാപ്‌ ഗ്രൂപ്പുമായി കെഎസ്‌ഇബി. ഗാന്ധിജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഉപഭോക്തൃസേവന വാരാചരണത്തിൽ ഇതിനായുള്ള നടപടികൾ കെഎസ്‌ഇബി ആരംഭിക്കും.

ഉപഭോക്തൃസദസ്സ്‌ എന്ന പേരിലാകും വിവിധതലങ്ങളിൽ വാട്‌സാപ്‌ ഗ്രൂപ്പുകൾ രൂപീകരിക്കുക. തുടർന്ന്‌ വാർഡുതല സമിതികൾക്കും രൂപംനൽകും. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നാടിന്റെ ആവശ്യങ്ങളും ഇതുവഴി കെഎസ്‌ഇബിയെ അറിയിക്കാം. ഉദ്യോഗസ്ഥർ പരിശോധിച്ച്‌ ഉചിത നടപടികളും സ്വീകരിക്കും. പൊതുജനങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി, അറിയിപ്പുകൾ, കെഎസ്‌ഇബിയുടെ പദ്ധതികൾ എന്നിവയെക്കുറിച്ചെല്ലാം ഇതുവഴി അറിയാനാകും.
വ്യാജപ്രചാരണങ്ങൾ തുറന്നുകാട്ടി വസ്‌തുതകൾ ജനങ്ങളിലേക്ക്‌ എത്തിക്കാനും വാർഡുതല സമിതികളും വാട്‌സാപ്‌ ഗ്രൂപ്പുകളും പ്രയോജനപ്പെടുത്തും. വാർഡുതല സമിതികൾ നിശ്ചിതദിവസങ്ങളിൽ ചേരും. കെഎസ്‌ഇബി നിയോഗിക്കുന്ന വ്യക്തിയായിരിക്കും കൺവീനർ. സമിതിയോഗങ്ങളിൽ ഉപഭോക്താക്കൾക്ക്‌ അവരുടെ വിഷയങ്ങൾ അവതരിപ്പിക്കാം.

ഉപഭോക്തൃപ്രതിനിധികൾ, കെഎസ്‌ഇബി ജീവനക്കാർ, ഓഫീസർമാർ എന്നിവർ അടങ്ങുന്നതാകും വാട്‌സാപ്‌ ഗ്രൂപ്പ്‌. ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി ഡിവിഷൻതലത്തിൽ ഉപഭോക്തൃസംഗമങ്ങൾ സംഘടിപ്പിക്കുന്നുണ്ട്‌. ജനപ്രതിനിധികൾ, റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, പൗരപ്രമുഖർ എന്നിവരെ പങ്കെടുപ്പിക്കും. ചീഫ്‌ എൻജിനിയർ, ഡെപ്യൂട്ടി എൻജിനിയർമാർ എന്നിവരുടെ നേതൃത്വത്തിൽ അവരുമായി സംവദിക്കും. പരാതികളും കേൾക്കും. വാട്‌സാപ്‌ നമ്പറുകൾ സംഗമത്തിലൂടെ ശേഖരിക്കും.

ഒക്ടോബർ രണ്ടുമുതൽ എട്ടുവരെയാണ്‌ ഉപഭോക്തൃസേവന വാരം. ഉപഭോക്തൃസംഗമങ്ങൾക്കുപുറമെ വൈദ്യുതി സുരക്ഷാക്ലാസ്‌ ഉൾപ്പെടെയുള്ള പരിപാടികളും വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കണമെന്നും സേവനം കൂടുതൽ മെച്ചപ്പെടുത്തണമെന്നും ഉപഭോക്താക്കൾക്ക്‌ സവിശേഷ പരിഗണന നൽകണമെന്നും കെഎസ്‌ഇബി ചെയർമാൻ നിർദേശിച്ചിട്ടുണ്ട്‌. ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനും സേവനം മെച്ചപ്പെടുത്താനും വാർഡുതല സമിതികൾ രൂപീകരിക്കണമെന്ന്‌ കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ കെഎസ്‌ഇബിയോട്‌ ആവശ്യപ്പെട്ടിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe