മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ല, സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത് – നിർമാതാവ് ഷരീഫ് മുഹമ്മദ്‌

news image
Mar 5, 2025, 5:34 am GMT+0000 payyolionline.in

മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്ന് ചിത്രത്തിന്‍റെ നിർമാതാവ് ഷരീഫ് മുഹമ്മദ്‌. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ ശ്രമിക്കണം. മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാൻ കുട്ടികൾ ഒരിക്കലും തിയേറ്ററിൽ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“സിനിമയുടെ കഥക്ക് ആവശ്യമുള്ള ദൃശ്യങ്ങൾ കാണിക്കുകയെന്നതാകും കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും ഉദ്ദേശ്യം. വയലൻസ് പ്രൊമോട്ട് ചെയ്യാനോ സമൂഹത്തിൽ വയൻസ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചുകൊണ്ടോ ഒരാളും സിനിമയെടുക്കില്ല. എന്നാൽ ഇപ്പോഴുണ്ടാകുന്ന പല സംഭവങ്ങളും പേടിപ്പെടുത്തുന്നതാണ്. ചിത്രത്തിൽ വയലൻസ് ഉണ്ടെന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് മാർക്കറ്റിങ് നടത്തിയത്. ചട്ടങ്ങളും നിയമങ്ങളുമെല്ലാം പാലിച്ചുകൊണ്ടാണ് സിനിമയിറക്കിയത്. 18 വയസ്സിൽ താഴെയുള്ളവർ ഈ സിനിമ കാണരുതെന്ന് വ്യക്തമായി പറഞ്ഞിരുന്നു. പരമാവധി എല്ലായിടത്തും അക്കാര്യം എത്തിച്ചിട്ടുണ്ട്.

മാർക്കോയിലെ അതിക്രൂര ദൃശ്യങ്ങൾ കഥയുടെ പൂർണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. വരാനിരിക്കുന്ന കാട്ടാളൻ എന്ന സിനിമയിലും കുറച്ചു വയലൻസ് സീനുകളുണ്ട്. സിനിമയെ സിനിമയായി കാണാനും ജീവിതത്തിലെ യാഥാർഥ്യം എന്താണെന്ന് മനസ്സിലാക്കാനും നമ്മൾ ബാധ്യസ്തരാണ്. സിനിമയല്ല, നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാർക്കോയല്ല ആദ്യമായി വയലൻസ് കാണിക്കുന്ന സിനിമ. എന്നാൽ ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ, വയലൻസ് സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ ഇനി എന്‍റെ സിനിമയിൽ പ്രൊമോട്ട് ചെയ്യില്ല” -ഷരീഫ് മുഹമ്മദ്‌ പറഞ്ഞു.

അതേസമയം ‘മാര്‍ക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്ന് സി.ബി.എഫ്‌.സി വ്യക്തമാക്കി. അതിക്രൂര വയലൻസുള്ള ചിത്രം കുടുംബ പ്രേക്ഷകരെ കാണിക്കാനാകില്ല. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സി.ബി.എഫ്‌.സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്തത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നാണ് വിലയിരുത്തൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe