കോഴിക്കോട്: മദ്യപിച്ച് കെഎസ്ആര്‍ടിസി ബസിൽ കയറിയ യുവതി കാരണം ബസ്സിന്റെ ട്രിപ്പ് മുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ വടകര പഴയ ബസ് സ്റ്റാന്റിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ നടന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ച ബസിൽ മാഹിയില്‍ വച്ചാണ് യുവതി കയറിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ഇവര്‍ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങി. വടകരയിലേക്കാണ് ടിക്കറ്റ് എടുത്തതെങ്കിലും കണ്ടക്ടര്‍ക്ക് പണം നല്‍കിയിരുന്നില്ല.
വടകര പുതിയ സ്റ്റാന്റില്‍ ബസ് എത്തിയപ്പോള്‍ കണ്ടക്ടര്‍ തട്ടി വിളിച്ചെങ്കിലും എഴുന്നേറ്റില്ല. മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായതോടെ ഇവിടെയുണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. പൊലീസ് എത്തി വിളിച്ചിട്ടും ഉണരാതിരുന്നതോടെ സമീപത്തെ സ്റ്റേഷനില്‍ നിന്നും വനിതാ പൊലീസിനെ എത്തിച്ച് ബസ്സില്‍ നിന്നും ഇറക്കുകയായിരുന്നു. നേരം വൈകിയതിനാല്‍ ബസ്സിന്റെ ട്രിപ്പും മുടങ്ങി. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റിവിടുകയായിരുന്നു. പെരുവയല്‍ സ്വദേശിയാണ് യുവതിയെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ഇവരെ പിന്നീട് സ്വകാര്യ ബസ്സില്‍ കയറ്റിവിട്ടു.