കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് സമിതി യോഗം നഗരസഭ ടൗൺഹാളിൽ ചേർന്നു. എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ഇന്റേണൽ വിജിലൻസ് ഓഫീസർ സതീഷ് സ്വാഗതം പറഞ്ഞു.
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ നഗരസഭകളിലും പഞ്ചായത്തുകളിലും മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും 2024 മാർച്ച് 31 ന് മുമ്പ് ഉറവിടമാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുന്നതിനും വലിച്ചെറിയൽ മുക്ത നിയോജകമണ്ഡലം പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ കാനത്തിൽ ജമീല പറഞ്ഞു.
യോഗത്തിൽ പയ്യോളി നഗരസഭ ചെയർപേഴ്സൺ സിപി ഫാത്തിമ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ , തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു, മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്കരൻ ,കൊയിലാണ്ടി നഗരസഭ ഹെൽത്ത്സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (കെ എ എസ് ), നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എപി സുരേഷ് എന്നിവർ സംസാരിച്ചു.