മാനേജറെ മർദിച്ചതിന് നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്; മർദനം ടൊവിനോയുടെ ‘നരിവേട്ട’യെ പ്രശംസിച്ചതിന്

news image
May 27, 2025, 3:19 am GMT+0000 payyolionline.in

കൊച്ചി: നടൻ ഉണ്ണി മുകുന്ദ​ൻ മർദിച്ചെന്ന പരാതിയുമായി അദ്ദേഹത്തിന്‍റെ മാനേജർ വിപിൻ കുമാർ. ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച്​ സമൂഹമാധ്യമത്തിൽ പോസ്​റ്റിട്ടതിന്​ മർദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ്​ നടന്‍റെ പ്രഫഷനൽ മാനേജർ ഇൻഫോ പാർക്ക്​ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്​. പരാതിയിൽ നടനെതിരെ കേസെടുത്തു.

കാക്കനാട്ടെ ഫ്ലാറ്റിൽവെച്ചായിരുന്നു മർദനം. ആശുപത്രിയിൽ ചികിത്സതേടിയ ശേഷമാണ് ​പരാതി നൽകിയത്​. തിങ്കളാഴ്ച രാത്രി വൈകി മാനേജറുടെ മൊഴി പൊലീസ്​ രേഖ​പ്പെടുത്തി. ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഇന്നലെ രാവിലെ കാക്കനാട്ടെ തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ ആരോപിച്ചു. പൊലീസിന്​ പുറമെ ഫെഫ്കയിലും പരാതി നൽകിയിട്ടുണ്ട്​. വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിക്കുന്നയാളാണ്​ മാനേജർ. വിഷയത്തിൽ നടൻ പ്രതികരിച്ചിട്ടില്ല.

‘18 വർഷമായി ഞാൻ സിനിമ പ്രവർത്തകനാണ്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്‍മാറിയതിന്റെ ഒക്കെ ഫ്രസ്ട്രേഷൻ കൂടെയുള്ളവരോടാണ് ഉണ്ണി മുകുന്ദൻ തീർക്കുന്നത്. ആറ് വർഷമായി ഞാൻ ഉണ്ണിയുടെ മാനേജരാണ്. പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും’ -വിപിൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe