മാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ല വനമേഖലയിലെ രാധ(45)യെ കൊലപ്പെടുത്തിയ കടുവയെ വെടിവയ്ക്കാൻ ഉത്തരവ് കൊടുത്തെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ആവശ്യമായ നടപടി വേഗത്തിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന് എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുമെന്ന് മന്ത്രി ഒ ആര്‍ കേളുവും പറഞ്ഞു.
വെള്ളി പകൽപത്തോടെ മാവോയിസ്റ്റ് തെരച്ചിലിനിടയിൽ തണ്ടർബോൾട്ട് സേനാംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടത്. ഭർത്താവ് അച്ചപ്പൻ വനംവകുപ്പ് വാച്ചറാണ്. എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തിൽ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാടിനുള്ളിലാണ് മൃതദേഹം. മാനന്തവാടി പൊലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്.
ആക്രമിച്ച കടുവ കാട് കയറിയോ എന്ന് വ്യക്തമല്ലെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് അറിയിച്ചു. ഈ വർഷം ആദ്യമാണു വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നത്. സംഭവ സ്ഥലത്തു സംഘർഷാവസ്ഥയാണ്. നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.