കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 354–ാം വകുപ്പാണ് ചുമത്തിയത്. തൃശൂർ ലോക്സഭാ സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസം തന്നെയാണ് കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ രേവതി പട്ടത്താനം പരിപാടിക്കെത്തിയ സുരേഷ്ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അനുവാദമില്ലാതെ രണ്ടുവട്ടം മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സ്പർശിച്ചെന്ന പരാതിയിലാണ് കേസ്. മാധ്യമപ്രവർത്തക പരാതി നൽകിയതിനെത്തുടർന്ന് നവംബർ 16ന് സുരേഷ് ഗോപിയെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. 354 എ വകുപ്പു പ്രകാരം കേസെടുത്തതിനു പുറമേ നിയമോപദേശപ്രകാരം ഉപവകുപ്പുകൾ കൂട്ടിച്ചേർക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
എന്നാൽ, അവ ഒഴിവാക്കി. 354ാം വകുപ്പ് മാത്രം ചേർത്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇന്നലെയാണ് തൃശൂരിൽ സുരേഷ് ഗോപിയെ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചത്.