മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ​ഗോപിക്ക് നോട്ടീസ് നൽകി: ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

news image
Nov 15, 2023, 9:55 am GMT+0000 payyolionline.in

കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു. നടക്കാവ് എസ് ഐയുടെ നേതൃത്വത്തിൽ ഇന്ന് രണ്ട് മണിക്കൂർ നേരമാണ് സുരേഷ് ​ഗോപിയെ ചോദ്യം ചെയ്തത്. നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവർത്തകർ തടിച്ചു കൂടിയത്. പ്രവർത്തകരുടെ സ്നേഹത്തിന് നന്ദിയെന്ന്, ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ​ഗോപി മാധ്യമങ്ങളോടും ജനങ്ങളോടും പ്രതികരിച്ചു.  ഇന്ന് രാവിലെ 11.50 ഓടെയാണ് സുരേഷ് ​ഗോപി ചോദ്യം ചെയ്യലിനായി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

സുരേഷ് ഗോപിക്കെതിരായ നടപടി വേട്ടയാടലാണെന്നാരോപിച്ച് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് നടക്കാവില്‍  ഇന്ന് രാവിലെ പ്രതിഷേധവുമായി എത്തിയത്. ‘വേട്ടയാടാന്‍ അനുവദിക്കില്ല, കോഴിക്കോട് എസ് ജിക്കൊപ്പം’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ് പ്രവര്‍ത്തകരെത്തിയത്. സുരേഷ് ഗോപി നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് മുന്നില്‍നിന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കൊപ്പം പദയാത്രയായി നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പോകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പദയാത്രക്ക് സുരേഷ് ഗോപി എത്തിയില്ല. രാവിലെ പത്തോടെ തന്നെ പ്രവര്‍ത്തകര്‍ ഇവിടെയെത്തി.

സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ രാവിലെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇതിനുപിന്നാലെ 11ഓടെ നടക്കാവ് സ്റ്റേഷനിലേക്ക് പദയാത്ര ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളുമേന്തി പദയാത്ര നടത്തിയത്. ഇംഗ്ലീഷ് പള്ളി മുതല്‍ നടക്കാവ് സ്റ്റേഷന്‍ വരെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

പൊലീസ് സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് കൊണ്ട് സുരക്ഷയൊരുക്കിയിരുന്നു. പദയാത്ര നടക്കാവ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. ഇത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. ഇതിനുശേഷമാണ് സുരേഷ് ഗോപി വാഹനത്തില്‍ സ്റ്റേഷന് മുന്നിലെത്തിയത്. സുരേഷ് ഗോപിയെത്തിയപ്പോഴും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷം നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപി സ്റ്റേഷനുള്ളിലേക്ക് പോവുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe