മഹാബലി ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ്: മമ്മൂട്ടി

news image
Aug 20, 2023, 9:32 am GMT+0000 payyolionline.in

കൊച്ചി> ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്ന് നടൻ മമ്മൂട്ടി. എല്ലാ മനുഷ്യരെയും ഒരുപോലെ കാണണമെന്നാണ് അദ്ദേഹം പഠിപ്പിച്ചതെന്നും നമുക്ക് ഒരേ മനസ്സുള്ള മനുഷ്യരാകാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

“അത്താഘോഷ പരിപാടിയിൽ അതിഥിയായി എത്തുന്നത് ആദ്യമായാണ്. ഞാൻ ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകും മുൻപ് ഞാനീ അത്താഘോഷത്തിനൊക്കെ വായിൽനോക്കി നിന്നിട്ടുണ്ട്. അന്നും അത്താഘോഷത്തിൽ പുതുമയും അത്ഭുതവും തോന്നിയിട്ടുണ്ട്. ഇന്നും അത്ഭുതം വിട്ടുമാറിയിട്ടില്ല. ഏതു സങ്കൽപ്പത്തിൻറെയും വിശ്വാസത്തിൻറെയും പേരിലായാലും അത്തം നമ്മളെ സംബന്ധിച്ച് ഒരു ആഘോഷമാണ്.

അത്തച്ചമയമായിരുന്നു പണ്ട് എന്ന് കേട്ടിട്ടുണ്ട്. രാജാക്കന്മാർ സർവാഭരണ വിഭൂഷിതരായി തെരുവീഥികളിൽ ഘോഷയാത്രയായി വരികയും പ്രജകൾ കാത്തുനിൽക്കുകയും ചെയ്യുന്ന കാലമായിരുന്നു. രാജഭരണം പോയി. ഇപ്പോൾ പ്രജകളാണ് രാജാക്കന്മാർ. അതായത് നമ്മളാണ് ഇപ്പോഴത്തെ രാജാക്കന്മാർ. സർവാഭരണ വിഭൂഷിതരായി നമ്മളാണ് ആഘോഷിക്കുന്നത്. നമ്മുടെ സന്തോഷത്തിൻറെ സൗഹാർദത്തിൻറെ സ്നേഹത്തിൻറെ ഒക്കെ ആഘോഷമാണ് അത്തച്ചമയം. ഈ ആഘോഷം ഒരു വലിയ സാഹിത്യ സംഗീത സംസ്കാരിക ആഘോഷമാക്കി മാറ്റാൻ സർക്കാർ മുൻകൈ എടുക്കണമെന്ന അപേക്ഷ ഒരു സാംസ്കാരിക പ്രവർത്തകനെന്ന നിലയിൽ എനിക്കുണ്ട്.

ഓണത്തിന്റെ നല്ല നാളുകൾ അത്തം മുതൽ പത്തു ദിവസം വരേക്ക് മാത്രം ചുരുങ്ങാതെ 365 ദിവസവും ഈ സ്നേഹവും സന്തോഷവും നിലനിൽക്കട്ടെ. എല്ലാവർക്കും അത്ത ആഘോഷ ആശംസകൾ, ഓണാശംസകൾ”- മമ്മൂട്ടി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe