ന്യൂഡൽഹി: ഛത്തിസ്ഗഢിലെ ഉന്നത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട മഹാദേവ് ഓൺലൈൻ വാതുവെപ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 388 കോടിയുടെ സ്വത്തുക്കൾകൂടി കണ്ടുകെട്ടി. മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക കമ്പനി ടാനോ ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യൂനിറ്റീസ് ഫണ്ട്, ദുബൈയിലെ ഹവാല ഇടപാടുകാരൻ ഹരിശങ്കർ തിബ്രെവൽ എന്നിവരുടെ വിവിധ നിക്ഷേപങ്ങളും വാതുവെപ്പ് ആപ്പുകളുടെയും വെബ്സൈറ്റുകളുടെയും സ്ഥാപകരുടെ ഛത്തിസ്ഗഢ്, മുംബൈ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കേസിൽ തിബ്രെവലിനെ ഇ.ഡി നേരത്തേ ചോദ്യംചെയ്തിരുന്നു.
നാലു കുറ്റപത്രങ്ങൾ സമർപ്പിച്ച കേസിൽ 11 പേരെ അറസ്റ്റ്ചെയ്തിരുന്നു. മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പിന്റെ ഉടമകളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലും ഛത്തിസ്ഗഢുകാരാണ്.