മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ച സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി

news image
Feb 20, 2025, 8:55 am GMT+0000 payyolionline.in

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്ക് വെച്ചെന്ന പരാതിയിൽ രണ്ട് സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് പൊലീസ്. യു.പി പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി.

കുംഭമേളക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ പ്രചാരണങ്ങൾ തടയാൻ യു.പി പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടപടികൾ ശക്തമാക്കിയിരുന്നു. സ്വകാര്യത ലംഘിച്ച് കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ ചില സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചതായി സോഷ്യൽ മീഡിയ മോണിറ്ററിങ് ടീം കണ്ടെത്തിയിരുന്നു.

ഫെബ്രുവരി 17നാണ് സ്ത്രീകളുടെ സ്വകാര്യത മാനിക്കാതെ വിഡിയോകൾ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്തത്.

ഫെബ്രുവരി 19ന് ഒരു ടെലഗ്രാം ചാനലിലും സമാന രീതിയിൽ വിഡിയോ ദൃശ്യങ്ങൾ വിൽപ്പനക്ക് വെച്ചതായി കണ്ടെത്തി. ടെലഗ്രാം ചാനലിനെതിരെ നിയമ നടപടി സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്. അക്കൗണ്ട് ഓപറേറ്ററെ തിരിച്ചറിയുന്നതിനായി മെറ്റയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ കുളിക്കുന്ന സ്ത്രീകളുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയും വിൽക്കുകയും ചെയ്തെന്ന ആരോപണങ്ങൾ ഉയർന്നത്. കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉൾപ്പെടെയുള്ള വിഡിയോകൾ പ്ലാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയുടെയും അന്തസ്സിന്റെയും വ്യക്തമായ ലംഘനമാണെന്ന് യു.പി പൊലീസ് വ്യക്തമാക്കി. അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്ന ചില ഫേസ്ബുക്ക് പേജുകളും മഹാ കുംഭ ഗംഗാ സ്നാൻ പ്രയാഗ് രാജ് തുടങ്ങിയ അടിക്കുറിപ്പുകളോടെ സ്ത്രീകളുടെ വിഡിയോകൾ പങ്കുവെക്കുന്നുണ്ട്.

മഹാ കുംഭമേളയുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ ഉള്ളടക്കമോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുവെന്നും പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe