കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, വാഴാനി ഡാം ഷട്ടറുകൾ നാളെ തുറക്കും. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഷട്ടറുകൾ തുറന്ന് ഡാമിൽ നിന്നും അധികജലം പുറത്തേയ്ക്ക് ഒഴുക്കി കളയും. ഡാമിന്‍റെ പ്രോപ്പോസ്‌ഡ് റൂൾ കർവ് ലെവൽ പാലിക്കുന്നതിന് തൃശ്ശൂർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആണ് ഉത്തരവിട്ടത്.
വെള്ളക്കെട്ട് മൂലമുള്ള ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലേക്കായി ബന്ധപ്പെട്ട വകുപ്പുകൾക്കും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, മഴക്കെടുതികൾ നേരിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മഴക്കാല മുന്നൊരുക്കങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾക്കാണ് ഫണ്ട് ലഭിക്കുക. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഉപകരണങ്ങൾ വാങ്ങുന്നതിനും സ്റ്റോറേജ് സെന്ററുകൾ തുറക്കുന്നതിനുമാണ് ഫണ്ട്. ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും മുനിസിപ്പാലിറ്റികൾക്ക് മൂന്നുലക്ഷം രൂപ വീതവും കോർപ്പറേഷനുകൾക്ക് 5 ലക്ഷം രൂപ വീതവും ആണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.