തിരൂവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് നിയന്ത്രണം. അപകടസാധ്യത കണക്കിലെടുത്ത് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ട്രക്കിങ്ങിന് നിരോധനം ഏര്‍പ്പെടുത്തി.
ഇടുക്കിയില്‍ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ബുക്കിങ് കേന്ദ്രങ്ങൾക്ക് വിവരം നൽകിയിട്ടുണ്ട്. താൽക്കാലികമായി ബുക്കിങ് സ്വീകരിക്കുന്നില്ല. വയനാട്ടില്‍ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 900 കണ്ടി, സൂചിപ്പാറ വെള്ളച്ചാട്ടം അടക്കം വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വ്യാപക മഴയാണ് പെയ്യുന്നത്.
സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.